പി. ജയരാജൻ ചുമതലയേറ്റു

Sunday 28 November 2021 12:00 AM IST

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാനായി പി. ജയരാജൻ ചുമതലയേറ്റു. കേരള പബ്ലിക് സർവീസ് കമ്മിഷൻ ശുപാർശ ചെയ്‌ത 9 പുതിയ ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവിൽ ഒപ്പ് രേഖപ്പെടുത്തിയാണ് അദ്ദേഹം ഔദ്യോഗിക ചുമതല ആരംഭിച്ചത്. ഖാദി ഗ്രാമ വ്യവസായ മേഖലയിൽ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ദ്രുതഗതിയി​ൽ പരിഹരിക്കുന്നതിന് പ്രാധാന്യം നൽകുമെന്നും വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിദ്ധ്യത്തിൽ ഡിസംബർ ഒന്നിന്‌ ബോർഡ്‌ യോഗം ചേർന്ന്‌ ഭാവി പദ്ധതികൾക്ക്‌ രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബോർഡ്‌ സെക്രട്ടറി കെ.എ.രതീഷ്‌, ഖാദി വെൽഫയർ ഫണ്ട്‌ ബോർഡ്‌ ചെയർപേഴ്‌സൺ സോണി കോമത്ത്‌ എന്നിവർ ജയരാജനെ ഹാരമണിയിച്ചാണ് സ്വീകരിച്ചത്. ചുമതലയേറ്റ ശേഷം ജീവനക്കാരുടെ യോഗത്തിൽ അദ്ദേഹം സംസാരിച്ചു. ഖാദി ബോർഡ്‌ എംപ്ലോയീസ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.ബൈജു, ബോർഡ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഡയറക്‌ടർ കെ.കെ.ചാന്ദിനി എന്നിവർ പങ്കെടുത്തു.