രണ്ടു വർഷമായി തീവണ്ടിയ്ക്ക് സ്റ്റോപ്പില്ല, കാടുപിടിച്ച് ഹാൾട്ട് സ്റ്റേഷനുകൾ

Sunday 28 November 2021 12:56 AM IST

വടകര: കൊവിഡിനെ തുടർന്ന് പാസഞ്ചർ വണ്ടികൾ എക്സ്പ്രസ് വണ്ടികളായി സർവീസ് നടത്തുന്നതുകൊണ്ട് രണ്ടു വർഷമായി ഹാൾട്ട് സ്റ്റേഷനുകളിൽ വണ്ടികളൊന്നും നിറുത്താറില്ല. കൊവിഡ് കേസുകളിൽ കുറവുണ്ടായിട്ടും പാസഞ്ചർ വണ്ടികൾ എക്സ്‌പ്രസായിതന്നെയാണ് ഓടുന്നത്. നാദാപുരം റോഡ്, മുക്കാളി ,വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ എന്നിവിടങ്ങളിലെ റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ ഉപയോഗിക്കാത്തതുകൊണ്ട് കാടുകയറി കിടക്കുകയാണ്. കണ്ണൂർ-കോയമ്പത്തൂർ(നമ്പർ 56650, 56651), മംഗലാപുരം-കോയമ്പത്തൂർ (56323 56324), തൃശ്ശൂർ-കണ്ണൂർ (56602, 56603), കോഴിക്കോട് -കണ്ണൂർ(56652, 56653) എന്നീ പാസഞ്ചർ വണ്ടികളാണ് ഈ സ്റ്റേഷനുകളിൽ നിറുത്തിയിരുന്നത്. സ്വകാര്യവ്യക്തികൾ കമ്മീഷൻ അടിസ്ഥാനത്തിൽ ടിക്കറ്റ് വിൽക്കുന്ന സ്റ്റേഷനുകളാണ് ഹാൾട്ട് സ്റ്റേഷനുകൾ. രാവിലെയും വൈകീട്ടും വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ഒട്ടേറെ യാത്രക്കാർ പാസഞ്ചർ വണ്ടികളിൽ കയറാൻ ഈ ഹാൾട്ട് സ്റ്റേഷൻ ഉപയോഗപ്പെടുത്തുമായിരുന്നു. ഹാൾട്ട് സ്റ്റേഷനുകളിൽ പഴയപോലെ വണ്ടികൾ നിറുത്തണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.

Advertisement
Advertisement