കോട്ടത്തറ ആശുപത്രിയിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തും: മന്ത്രി രാധാകൃഷ്ണൻ

Saturday 27 November 2021 9:31 PM IST

അഗളി: അട്ടപ്പാടിയിൽ അരിവാൾ രോഗബാധിതർ ഉണ്ടാകുന്ന സാഹചര്യത്തിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂടുതൽ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ആദിവാസി വിഭാഗത്തെ സ്വയംപര്യാപ്തരാക്കിയാൽ മാത്രമേ അനീമിയ ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ കഴിയൂവെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ശിശുമരണം, സിക്കിൾ സെൽ അനീമിയ എന്നീ രോഗങ്ങളുടെ പശ്ചാത്തലത്തിൽ അഗളി കിലയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കുട്ടികളുടെ ഐ.സി.യു ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. കുറവുള്ള പാരാമെഡിക്കൽ സ്റ്റാഫിന്റെയും നഴ്സുമാരുടെയും ഒഴിവുകൾ നികത്തും. ഇതിനുള്ള ചെലവ് ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് വഹിക്കുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് നോഡൽ ഓഫീസറെ നിയമിക്കും. പ്രശ്നങ്ങൾ നിരീക്ഷിക്കുന്നതിന് മോണിറ്ററിംഗ് സമിതി രൂപീകരിക്കും. അട്ടപ്പാടിയിലെ പ്രശ്നങ്ങൾ പരിശോധിച്ച് പരിഹരിക്കുന്നതിന് വിദഗ്ദ്ധ സംഘത്തെ അട്ടപ്പാടിയിലേക്ക് അയയ്ക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി അറിയിച്ചു.