'ചുരുളി"ക്കെതിരെ ആത്മബോധോദയ സംഘം
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളിക്കെതിരെ ആത്മബോധോദയ സംഘം. ആത്മബോധോദയ സംഘം സ്ഥാപകനായ ശ്രീശുഭാനന്ദ സദ്ഗുരുവിന്റെ 'ആനന്ദം പരമാനന്ദമാണെന്റെ കുടുംബം' എന്ന ആദർശകീർത്തനം സിനിമയിൽ തെറിവാക്കുകൾക്കും മോശം പരാമർശങ്ങൾക്കുമൊപ്പം കള്ളുഷാപ്പിൽ ചിത്രീകരിച്ചതിനെതിരെയാണ് സംഘം രംഗത്തെത്തിയത്. ഗുരു അരുൾ ചെയ്ത പഞ്ചമഹാപാപങ്ങളിൽ ഒന്നാമത്തേതാണ് മദ്യപാനം. കള്ളുഷാപ്പിലിരുന്ന് മദ്യപിക്കുന്നതിനിടെ ഗുരുവിന്റ കീർത്തനം ഉപയോഗിച്ചത് ശ്രീശുഭാനന്ദ സദ്ഗുരുവിനെയും വിശ്വാസസമൂഹത്തെയും അപമാനിച്ചതിന് തുല്യമാണ്. ചിത്രത്തിൽ നിന്ന് ഈ വരികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരികമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ഒഴിവാക്കാത്ത പക്ഷം സിനിമയ്‌ക്കും സംവിധായകനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആശ്രമം പ്രവർത്തകൻ സുരേഷ് കാർത്തിക് പറഞ്ഞു. കെ.എസ്.രജി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.