റിസർവ് ബാങ്ക് സർക്കുലർ: സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി

Sunday 28 November 2021 12:00 AM IST

കൊച്ചി: കേന്ദ്രവിഷയമായ ബാങ്കിനെ ഉപയോഗപ്പെടുത്തി സംസ്ഥാന വിഷയമായ സഹകരണസംഘത്തെ കൂച്ചുവിലങ്ങിടാനുള്ള നീക്കം സുപ്രീംകോടതിയിൽ ചോദ്യംചെയ്യുമെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി പി. രാജീവ്, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ/ ബാങ്കിംഗ് എന്നീ വാക്കുകൾ ഉപയോഗിക്കരുതെന്ന ആർ.ബി.ഐയുടെ നിർദ്ദേശത്തിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്. ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള കേന്ദ്രശ്രമമാണ് ചോദ്യം ചെയ്യുന്നത്. സംസ്ഥാന സഹകരണമേഖലയിൽ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷന്റെ (ഡി.ഐ.സി.ജി.സി) സംരക്ഷണം നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

 തിങ്കളാഴ്ച തിരുവനന്തപുരത്ത് യോഗം

സംസ്ഥാനത്തെ സഹകാരികൾ തിങ്കളാഴ്ച തിരുവനന്തപുരത്ത് യോഗം ചേർന്ന് വിഷയം ചർച്ചചെയ്യും. മറ്റ് സംസ്ഥാനങ്ങളോടും ഇക്കാര്യം ആലോചിക്കും. സഹകരണസംഘങ്ങളിലെ നിക്ഷേപവും വായ്പയും അടക്കമുള്ള വിശദവിവരം സംസ്ഥാനങ്ങൾ സ്വകാര്യ ഏജൻസിക്ക് കൈമാറണമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ കേരളം വഴങ്ങിയില്ല. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമായാണ് സഹകരണ ബാങ്കുകളിലേക്കുള്ള കടന്നുകയറ്റം. ഇത് അനുവദിക്കില്ല. 97-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യംചെയ്ത ഹർജിയിലെ വിധിയിലും അപ്പീൽനൽകാനുള്ള അവസരം സർക്കാരിനുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇത് വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രൻ, രജിസ്ട്രാർ പി.ബി. നൂഹ്, സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി.പി. താജുദ്ദീൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Advertisement
Advertisement