ശബരിമല: നീലിമല പാത ഡിസം. ആദ്യം തുറക്കും

Sunday 28 November 2021 12:00 AM IST

തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങൾ കാരണം ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന നീലിമല - ശരംകുത്തി പാത ഡിസംബർ ആദ്യവാരം തുറക്കുമെന്ന് ദേവസ്വം മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പാത നവീകരണത്തിന്റെ റിപ്പോർട്ട് സമ‌ർപ്പിക്കാൻ പത്തനംതിട്ട കളക്ടറോടും ശബരിമല സ്പെഷ്യൽ ഓഫീസറോടും നിർദ്ദേശിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷം സർക്കാരിന്റെ ഉന്നതാധികാര സമിതി തീരുമാനം അറിയിക്കും. കാലാവസ്ഥ മോശമല്ലെങ്കിൽ ഡിസംബർ ആദ്യവാരം തന്നെ ഭക്തരെ നീലിമല പാതവഴി കടത്തിവിടും. പാതയിൽ മെഡിക്കൽ സെന്ററുകൾ ഒരുക്കുന്നുണ്ട്. എഴെണ്ണം സജ്ജമായി. ഓക്സിജൻ പാർലറുകളും കാർഡിയോളജി സെന്ററും സജ്ജമായി. ആവശ്യമെങ്കിൽ കൂടുതൽ മെഡ‌ിക്കൽ സെന്ററുകൾ തുടങ്ങും. ആരോഗ്യപ്രവർത്തകരുടെ നിയമനവും കടകളുടെ ലേലവുമാണ് ശേഷിക്കുന്നത്. നവീകരണത്തിന്റെ 90 ശതമാനം പൂർത്തിയാക്കിയെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി. കൊവിഡ് വന്നുപോയവരുടെ ആരോഗ്യപ്രശ്നങ്ങളും പാതയിലെ നവീകരണവും കാരണവുമാണ് നീലിമല വഴിയുള്ള മലകയറ്റം വിലക്കിയത്. നിലവിൽ സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് തീർത്ഥാടകരെ വിടുന്നത്. എരുമേലിയിൽ നിന്ന് അഴുത വഴിയുള്ള കാനന പാതയിലൂടെ തീർത്ഥാടകരെ വിടാനുള്ള സാദ്ധ്യതയും കുറവാണ്. പാത നവീകരണത്തിന്റെ വെല്ലുവിളികളും വന്യമൃഗങ്ങളുടെ ഭീഷണിയുമാണ് കാരണം.