സ്വപ്നയുടെ കരുതൽ തടങ്കൽ: കേന്ദ്രം സുപ്രീം കോടതിയിൽ
Saturday 27 November 2021 11:11 PM IST
ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. സെൻട്രൽ ഇക്കണോമിക്സ് ഇന്റലിജൻസ് ബ്യൂറോയിലെ സ്പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവരാണ് ഹർജി നൽകിയത്.
സ്വപ്നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയ ശേഷം കേസിൽ ജാമ്യം ലഭിക്കുകയും നവം.6 ന് ജയിൽ മോചിതയാകുകയും ചെയ്തു. ഒരു വർഷവും മൂന്ന് മാസവും ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ സ്വപ്നയുടെ ജാമ്യവ്യവസ്ഥയിലും ഇളവ് ലഭിച്ചു. എറണാകുളം ജില്ല വിട്ട് പോകാൻ സ്വപ്നയെ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചിരുന്നു. മതിയായ രേഖകളുടെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയതെന്നും മറ്റ് ആറ് പ്രതികളുടെ കോഫെപോസ കരുതൽ തടങ്കൽ കോടതി ശരിവച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.