ഉംറ നിർവഹിക്കാൻ പ്രായപരിധി എടുത്തുകളഞ്ഞ് മന്ത്രാലയം; പ്രായപൂർത്തിയായവർക്കെല്ലാം അനുമതി
റിയാദ്: വിദേശപൗരന്മാർക്ക് ഉംറ നിർവഹിക്കുന്നതിന് ഏർപ്പെടുത്തിയ പ്രായപരിധി ഹജ്ജ് ഉംറ മന്ത്രാലയം എടുത്തുമാറ്റി. 50 വയസ് വരെയുളളവർക്ക് എന്ന പ്രായപരിധിയാണ് 18 വയസിന് മുകളിലുളള ഏത് പ്രായക്കാർക്കുമായി അനുമതി നൽകിയിരിക്കുന്നത്.
ഇതോടെ വിദേശത്തുനിന്നുമുളള പ്രായമേറിയ തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാൻ കഴിയും. എന്നാൽ 12 വയസിന് മുകളിൽ പ്രായമുളള സൗദി അറേബ്യയിൽ തന്നെ കഴിയുന്ന പൂർണമായും കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് ഉംറ ചെയ്യാൻ അനുമതിയുണ്ട്. മക്ക ഗ്രാന്റ് മോസ്‌കിലും മദീനയിലും വിദേശ തീർത്ഥാടകർക്ക് പ്രവേശനം അനുവദിച്ച് ഹജ്ജ് ഉംറ മന്ത്രാലയം ഇളവുകൾ നൽകിയിരുന്നു.
വിദേശത്ത് നിന്നും വരുന്ന തീർത്ഥാടകർ സൗദി നിഷ്‌കർഷിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനുകൾ സ്വീകരിക്കേണ്ടതും സൗദി വിദേശകാര്യ മന്ത്രാലയം ഒരുക്കിയ പ്ളാറ്റ്ഫോമിലൂടെ വിസ നേടുകയും വേണം. 18 വയസിൽ താഴെയുളളവർക്ക് ഉംറ നിർവഹിക്കാൻ മന്ത്രാലയം ഇതുവരെ അനുമതി നൽകിയിട്ടില്ല.