വീണ്ടും അടുക്കളയിലേക്ക് തക്കാളി, തക്കാളിയെ അടുക്കളയ്ക്ക് പുറത്തിരുത്തേണ്ട
മലപ്പുറം: ഇനി തക്കാളിയെ അടുക്കളയ്ക്ക് പുറത്തിരുത്തേണ്ട. വിലയിൽ സെഞ്ച്വറി അടിച്ചുമുന്നേറിയ തക്കാളിയെ വീണ്ടും പിടിച്ചുകെട്ടുകയാണ്. 100 മുതൽ 140 രൂപ വരെ വില എത്തിയിരുന്നിടത്ത് ഇപ്പോൾ വില കുറഞ്ഞ് 60 മുതൽ 65 വരെയെത്തി. ചെന്നെ മാർക്കറ്റിൽ ഇന്നലെ 35 രൂപയാണ് തക്കാളിയുടെ മൊത്ത വില. രണ്ട് ദിവസത്തിനുള്ളിൽ 50 രൂപയിലേക്ക് തക്കാളി എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് തക്കാളിയുടെയും മറ്റു പച്ചക്കറികളുടെയും വരവ് വർദ്ധിച്ചതോടെയാണ് ജില്ലയിൽ വില കുറഞ്ഞത്. തമിഴ്നാട്ടിൽ മഴ ശക്തമായതോടെ കൃഷിയിടങ്ങളിലെല്ലാം വലിയ തോതിൽ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതു മുതലെടുത്ത് ഇടനിലക്കാർ വില കുത്തനെ ഉയർത്തി. ഇന്ധന വില വർദ്ധനവും വിലക്കയറ്റത്തിന് കാരണമായി. കൃഷിയിടങ്ങൾ വീണ്ടും സജീവമാവുകയും കാലാവസ്ഥ അനുകൂലമാവുകയും ചെയ്തതോടെ പച്ചക്കറികളുടെ വരവ് വേഗത്തിലായിട്ടുണ്ട്. വരുംദിവസങ്ങളിൽ വില ഇനിയും കുറയുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.
കൂടിയാലും കുറഞ്ഞാലും കർഷകർ ദുരിതത്തിൽ
പച്ചക്കറികൾ പ്രധാനമായും ജില്ലയിലേക്ക് എത്തുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിന്നായത് കൊണ്ട് തന്നെ മാർക്കറ്റിൽ ഇടനിലക്കാരുടെ അതിപ്രസരവുമുണ്ട്. 140 രൂപയ്ക്ക് തക്കാളി വിറ്റ സമയത്തും തമിഴ്നാട്ടിലെയും കർണാടകയിലെയും കർഷകർക്ക് ലഭിച്ചിരുന്നത് 25 മുതൽ 30 രൂപ വരെ മാത്രമാണ്. വില കൂടിയാലും ഇല്ലെങ്കിലും കർഷകർക്ക് ഇതിൽ കൂടുതൽ തുക ലഭിക്കാറില്ല. കർഷകർ കൃഷി ആരംഭിക്കുന്ന സമയംതൊട്ട് തന്നെ ഇടനിലക്കാരെത്തി വില ഉറപ്പിക്കുന്ന പതിവുരീതിയും നിലനിൽക്കുന്നുണ്ട്. ഇങ്ങനെയുള്ള കച്ചവടത്തിൽ മാത്രമാണ് കുറച്ചെങ്കിലും ലാഭം കർഷകർക്ക് ലഭിക്കുന്നുള്ളു.
ചില്ലറ വില (ഇന്നലെ)
തക്കാളി 65
പയർ 65
പാവയ്ക്ക 70
പടവലം 45
ഇഞ്ചി 50