ഒന്നാം ക്ലാസ് മുതൽ ഭരണഘടനയെക്കുറിച്ച് പഠിപ്പിക്കണം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Sunday 28 November 2021 12:55 AM IST

തിരുവനന്തപുരം: ഒന്നാം ക്ലാസ് മുതൽ ഭരണഘടനയെക്കുറിച്ച് പഠിപ്പിക്കണമെന്ന് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേരള സർവകലാശാല നിയമ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ.അംബേദ്‌കർ ചെയർ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സെനറ്റ് ചേംബറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുതപ്പെട്ട ഏറ്റവും മികച്ച ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ അതിനെപ്പറ്റി ആർക്കും വേണ്ട ധാരണയില്ല.

സംഘടിക്കാനും സമരം ചെയ്യാനും ആർക്കും അവകാശമുണ്ട്. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ അവകാശമില്ല.രാജ്യത്തെ മിക്ക പ്രശ്‌നങ്ങൾക്കും കാരണം ഭരണഘടന കൃത്യമായി പാലിക്കാത്തതാണ്. ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് പറയുമ്പോഴും കടമകൾ ആരും ഓർക്കുന്നില്ല. ഒരു നിയമജ്ഞൻ എന്ന നിലയിൽ ചെയ്‌തതൊക്കെയും ഭരണഘടനയ്ക്കനുസരിച്ച് മാത്രമാണെന്നും വിധികളെല്ലാം അതിനെ പിൻപറ്റി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സർവകലാശാല പ്രോവൈസ് ചാൻസലർ ഡോ.പി.പി അജയകുമാർ, നിയമ വിഭാഗം മേധാവി ഡോ.സിന്ധു തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.