നബാർഡ് കാലാവസ്ഥ കേന്ദ്രം ചളവറയിൽ തുടങ്ങി

Sunday 28 November 2021 12:38 AM IST
നബാർഡിന്റെ സഹായത്തോടെ ചളവറയിൽ പ്രവർത്തനം ആരംഭിച്ച ഓട്ടോമാറ്റിക്ക് കാലാവസ്ഥ കേന്ദ്രം.

ചെർപ്പുളശ്ശേരി: നബാർഡിന്റെ സഹായത്തോടെ ചളവറയിൽ ഓട്ടോമാറ്റിക്ക് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ചളവറ നീർത്തടത്തിൽ നടപ്പിലാക്കി വരുന്ന കാലാവസ്ഥ വ്യതിയാന അനുരൂപണ പദ്ധതിയുടെ ഭാഗമായാണ് ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്ത് കേന്ദ്രം സ്ഥാപിച്ചത്.

മഴ, ചൂട്, ഈർപ്പം, ബാഷ്പീകരണം എന്നീ കാര്യങ്ങൾ ദിവസംതോറും രേഖപ്പെടുത്തുന്ന തരത്തിലാണ് സംവിധാനം. ലഭ്യമാകുന്ന വിവരങ്ങൾ വിദഗ്ദ്ധരുടെ വിശകലനത്തിനു ശേഷം കർഷകർക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അറിയിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ചളവറ ഹയർ സെക്കൻഡറി സ്‌കൂൾ ജിയോഗ്രഫി വിഭാഗവും വാട്ടർഷെഡ് കമ്മിറ്റിയും യോജിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. നബാർഡ് ഓഫീസർ ആർ.ഷൈനി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സുധാകരൻ, ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു, പദ്ധതി നിർവഹണ സ്ഥാപനമായ പാലക്കാട് പാസ്ഡ് സൊസൈറ്റി ഡയറക്ടർ ആർ.ജെ. ബാബു എന്നിവർ പങ്കെടുത്തു.

Advertisement
Advertisement