പരിമിതികളുടെ ട്രാക്കിൽ വടക്കൻ മേഖല

Sunday 28 November 2021 12:38 AM IST
മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ

കൊല്ലം: ജി​ല്ലയുടെ വടക്കൻ മേഖലയിലെ നാലു റെയിൽവേ സ്റ്റേഷനുകളും പരി​മി​തി​കളി​ൽ നരകി​ക്കുകയാണ്. ഇവ ആരംഭിച്ച കാലത്തെ സൗകര്യങ്ങളല്ലാതെ കാലോചിതമായ വികസനങ്ങളൊന്നും ഉണ്ടായില്ല. പ്ളാറ്റ് ഫോമുകളുടെ നീളക്കുറവ്, മേൽക്കൂരയില്ലായ്‌മ, പ്രാഥമിക സൗകര്യങ്ങളുടെ കുറവ്, പ്രധാന ട്രെയിനുകൾക്ക് പോലും സ്റ്റോപ്പി​ല്ല തുടങ്ങി നിരവധി പ്രശ്നങ്ങൾ ഈ സ്റ്റേഷനുകളെ മൂടി​നി​ൽക്കുന്നു. കൊവിഡ് കാലത്ത് കാടുകയറിയ സ്റ്റേഷനുകൾ വൃത്തിയാക്കുകപോലും ചെയ്തി​ട്ടി​ല്ല.

 മൺറോത്തുരുത്ത്

കൊല്ലം ജില്ലയിലെ പ്രധാന സ്റ്റേഷനുകളി​ലൊന്നാണെങ്കി​ലും വികസനത്തിൽ ഏറ്റവും പിന്നിൽ. വില്ലേജ് ടൂറിസത്തിലൂടെ ലോകശ്രദ്ധ നേടിയ ടൂറിസം കേന്ദ്രത്തിന്റെ പ്രവേശന കവാടം. മറ്റു വാഹന സൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് തുരുത്ത് നിവാസികളെ പുറം ലോകവുമായി ബന്ധിപ്പിച്ച സ്റ്റേഷൻ. പ്ളാറ്റ് ഫോമുകളുടെ നീളക്കുറവാണ് പ്രധാന പ്രശ്നം. നീളം കൂട്ടാൻ കരാർ ക്ഷണിച്ചെങ്കിലും ആരും വന്നില്ല. വാഴേൽ, പൂപ്പാണി പാലങ്ങൾക്കിടയിലാണ് സ്റ്റേഷൻ. നീളം കൂടിയ ട്രെയിനുകൾ നിറുത്തിയാൽ ഒരു ഭാഗം പാലത്തിലാകും നിൽക്കുക യാത്രക്കാർ വെള്ളത്തിലേക്ക് ഇറങ്ങേണ്ടി​ വരുന്നത് അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. ഇതു കാരണം മലബാർ എക്സ് പ്രസിന്റെ സ്റ്റോപ്പ്‌ നിറുത്തലാക്കി. ഇപ്പോൾ സ്റ്റോപ്പ്‌ മേമുവിനും ഇന്റർസിറ്റിക്കും മാത്രം.ടി​ക്കറ്റ് കൗണ്ടറുകളും റിസർവേഷൻ സൗകര്യവുമി​ല്ല. ടിക്കറ്റ് വില്പന കരാർ നൽകിയിരിക്കുകയാണ്. കൊല്ലത്തു നിന്നാണ് ടി​ക്കറ്റുകൾ കൊണ്ടുവരുന്നത്. തുരുത്തിൽ നിന്ന് ചെങ്ങന്നൂരി​ലേക്കു പോകേണ്ടവർ ടിക്കറ്റ് തീർന്നാൽ കോട്ടയം ടിക്കറ്റ് എടുക്കേണ്ടി വരുന്നു. ഓവർ ബ്രിഡ്ജ് ഇല്ല. ടിക്കറ്റെടുത്ത് രണ്ടു പ്ളാറ്റ് ഫോമുകൾ മുറിച്ചു കടക്കുന്നതി​നി​ടയി​ൽ രണ്ടു സ്ത്രീകൾ ട്രെയി​നി​നടി​യി​ൽപ്പെട്ട് മരി​ച്ചി​രുന്നു. പ്ളാറ്റ് ഫോമിനു മേൽക്കൂരയില്ലാത്തതിനാൽ യാത്രക്കാർ വെയിലും മഴയും സഹിക്കേണ്ടി വരുന്നു.

 കരുനാഗപ്പള്ളി

ഇടുങ്ങിയ സ്ഥലത്താണ് പ്രധാന കെട്ടിടം. കെ.എം.എം.എല്ലിലേക്ക് ഇന്ധനം കൊണ്ടുപോകാൻ നിർമ്മിച്ച പാളങ്ങളിലൂടെയുള്ള സർവീസ് നിലച്ചിട്ട് 15 വർഷം കഴിഞ്ഞു. ചരക്ക് ട്രെയിനുകൾ പിടിച്ചിടാൻ മാത്രമാണ് ഈ പാളങ്ങൾ ഉപയോഗിക്കുന്നത്. ചരക്ക് വണ്ടി പിടിച്ചിട്ടാൽ യാത്രക്കാർ ഓവർ ബ്രിഡ്ജ് കയറേണ്ടി വരും. 1952ൽ പരിമിതമായ സാഹചര്യത്തിൽ നിർമ്മിച്ച കെട്ടിടങ്ങൾ പിന്നീട് നവീകരിച്ചിട്ടില്ല. പ്ളാറ്റ് ഫോം ഉയർന്നും കെട്ടിടം താഴ്ന്നും എന്നതാണ് അവസ്ഥ. തിരക്കേറിയ സ്റ്റേഷനിൽ ചെന്നൈ മെയിലിനും കേരള എക്സ് പ്രസിനും സ്റ്റോപ്പില്ല. റെയിൽവേയുടെ അനുമതി ഇല്ലാത്തതിനാൽ സ്റ്റേഷന്റെ മൂന്നാം കവാടത്തിലേക്കുളള റോഡ് വികസനം അനിശ്ചിതമായി നീളുന്നു. രണ്ട് എം. പി മാർ റോഡ് വികസനത്തിനായി അനുവദിച്ച ഫണ്ട് ലാപ്സായി. റിസർവേഷൻ കൗണ്ടർ ഒന്നു മാത്രം.

Advertisement
Advertisement