ഓച്ചിറ പന്ത്രണ്ടുത്സവം സമാപിച്ചു; ദീപപ്രഭയിൽ മുങ്ങി ആൽത്തറകൾ

Sunday 28 November 2021 1:02 AM IST
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ പന്ത്രണ്ട് വിളക്ക് തൊഴുന്ന ഭക്തജനങ്ങൾ

തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ വൃശ്ചി കോത്സവത്തിന് സമാപനമായി. കഴിഞ്ഞ അഞ്ച് ദിവസമായി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായിരുന്നുഅനുഭവപ്പെട്ടത്. കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പ്രദർശന-വിൽപ്പന ശാലകൾക്കോ, വിനോദ - വിജ്ഞാന കേന്ദ്രങ്ങൾക്കൊ ഇത്തവണ ക്ഷേത്രത്തിൽ പ്രവർത്തനാനുമതി നൽകിയിരുന്നില്ല. കൂടാതെ പർണ്ണശാലകൾ കെട്ടി പടനിലത്ത് ഭജനം പാർക്കുന്ന പരമ്പരാഗത ചടങ്ങും ഒഴിവാക്കിയിരുന്നു. വർദ്ധിച്ച് വരുന്ന തിരക്ക് കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും കർശനമായ നിരീക്ഷണവും നിയന്ത്രണങ്ങളുമാണ് പടനിലത്ത് ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണി മുതൽ തന്നെ ആയിരങ്ങളാണ് പന്ത്രണ്ട് വിളക്ക് തൊഴാനായി ക്ഷേത്രത്തിലെത്തിയത്. വൈകിട്ട് അഞ്ചരയോടെ പ്രധാന ആൽത്തറകൾക്ക് അഭിമുഖമായുള്ള കൽ വിളക്കുകളിലും അലങ്കാര വിളക്കുകളിലും ഭക്തജനങ്ങൾ ദീപം തെളിച്ച് തുടങ്ങി .6-30 നോടെ ദീപപ്രഭയിൽ മുങ്ങിയ പ്രധാന ആൽത്തറകളിൽ സന്ധ്യാവന്ദനം നടത്തി ഭക്തജനങ്ങൾ പിരിഞ്ഞതോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.