സി.പി.എം ചെർപ്പുളശ്ശേരി ഏരിയാ സമ്മേളനം തുടങ്ങി

Sunday 28 November 2021 1:07 AM IST
സി.പി.എം ചെർപ്പുളശ്ശേരി ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഗിരിജാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ചെർപ്പുളശ്ശേരി: സി.പി.എം ഏരിയാ സമ്മേളനം വല്ലപ്പുഴയിൽ തുടങ്ങി. ഇന്നലെ രാവിലെ മുതിർന്ന പാർട്ടി അംഗം കെ. വേണുഗോപാൽ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. തുടർന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഗിരിജ സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധ നയങ്ങളാണ് ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ പിന്തുടരുന്നതെന്നും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സഹകരണ മേഖലയിലേക്കുള്ള കടന്നു കയറ്റമെന്നും ഗിരിജ സുരേന്ദ്രൻ പറഞ്ഞു. ആർ.ബി.ഐയെ ഉപയോഗിച്ച് കേരളത്തിലെ സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. സഹകരണ മേഖലയിലെ അഞ്ചു ലക്ഷം കോടി രൂപയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യം വക്കുന്നതെന്നും ഗിരിജ സുരേന്ദ്രൻ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. നാരായണദാസ്, പി.കെ. ശശി, ജില്ലാ കമ്മിറ്റി അംഗം പി.എ. ഉമ്മർ, പി.കെ. സുധാകരൻ, ഏരിയാ സെകട്ടറി കെ.ബി. സുബാഷ്, ഇ.ചന്ദ്രബാബു, ഇ.വിനോദ് കുമാർ, എം. സിജു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളുൾപ്പെടെ 147 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംഘടനാ റിപ്പോട്ട്, ചർച്ച എന്നിവ ആദ്യ ദിവസം നടന്നു. സമ്മേളനം ഇന്ന് സമാപിക്കും.

Advertisement
Advertisement