വാക്സിനെടുക്കാതെ ഇനിയും അയ്യായിരം അദ്ധ്യാപകർ കേരളത്തിൽ, ചിലർ സഹകരിക്കുന്നില്ലെന്ന് തുറന്നടിച്ച് വിദ്യാഭ്യാസമന്ത്രി

Sunday 28 November 2021 10:40 AM IST

തിരുവനന്തപുരം : പുതിയ കൊവിഡ് വകഭേദം ഭീഷണിയുയർത്തുന്ന വേളയിൽ ഇനിയും സംസ്ഥാനത്ത് അയ്യായിരത്തോളം അദ്ധ്യാപകർ വാക്സിനെടുക്കാൻ മടിക്കുന്നു. വാക്സിനെടുക്കാത്ത അദ്ധ്യാപകരെ ജോലിക്കെത്താൻ സ്‌കൂൾ അധികാരികൾ നിർബന്ധിക്കുന്നതായി വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചു. മഹാഭൂരിപക്ഷത്തോളം വരുന്ന അദ്ധ്യാപകർ വാക്സിനെടുക്കുമ്പോഴും ചിലർ സഹകരിക്കാത്തത് ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സുരക്ഷയാണ് പ്രധാനമെന്ന് അഭിപ്രായപ്പെട്ട മന്ത്രി അദ്ധ്യാപകർ വാക്സിനെടുക്കാത്തത് വിദ്യാർത്ഥികളുടേയും കേരളത്തിന്റെയും ആരോഗ്യത്തിന്റെ പ്രശ്നമാണെന്നും അഭിപ്രായപ്പെട്ടു.

പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടി സ്‌കൂൾ സമയം വൈകിട്ട് വരെയാക്കാൻ അടുത്തിടെ തീരുമാനമെടുത്തിരുന്നു. എന്നാൽ അദ്ധ്യാപകർക്കിടയിൽ തന്നെ വാക്സിനെടുക്കാൻ മടികാട്ടുന്നത് രക്ഷിതാക്കൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഏതൊക്കെ അദ്ധ്യാപകർ വാക്സിനെടുക്കാനുണ്ടെന്ന കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ കയ്യിലില്ല. അരക്കോടിയോളം വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ വരുന്നതിനുള്ള സുരക്ഷ ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാഗ്ദ്ധാനം ചെയ്തിരുന്നതാണ്. ഈ വാഗ്ദ്ധാനത്തിൽ അദ്ധ്യാപകർ രണ്ട് ഡോസ് വാക്സിനെടുക്കും എന്നും സർക്കാർ വാക്ക് നൽകിയിരുന്നു.

Advertisement
Advertisement