കുർബാന : തൃശൂരിൽ ഭൂരിഭാഗം പള്ളികളിലും പുതിയ രീതി

Monday 29 November 2021 2:30 AM IST

തൃശൂർ: സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന അർപ്പണരീതി നടപ്പിലാക്കിയ ആദ്യദിവസമായ ഇന്നലെ, തൃശൂരിൽ മിക്ക പള്ളികളിലും പുതിയ രീതിയിൽ കുർബാന അർപ്പിച്ചു. ചില പള്ളികളിൽ പഴയരീതി പിന്തുടർന്നു.

അതേസമയം ഇരിങ്ങാലക്കൂട രൂപതയുടെ ഭാഗമായ കടുപ്പശ്ശേരി പള്ളിയിൽ പുതിയരീതി ആവശ്യപ്പെട്ട് വിശ്വാസികൾ വികാരിയെ തടഞ്ഞു. പൊലീസെത്തി ഇവരെ നീക്കിയപ്പോൾ സമരം ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസിലേക്ക് മാറ്റി. സമരം ഉച്ച വരെ നീണ്ടു.

മിക്ക പള്ളികളിലും പൊലീസ് സുരക്ഷയുണ്ടായിരുന്നു. പുതിയ കുർബാന രീതി വേണമെന്നും ,പഴയത് തുടരണമെന്നും ആവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധമുണ്ടായി. തൃശൂർ അതിരൂപതയിൽ 225 പള്ളികളിൽ ഇരുപതോളം എണ്ണത്തിലാണ് പഴയരീതിയിൽ നടന്നതെന്ന് അതിരൂപത അറിയിച്ചു. നൂറോളം സ്ഥലങ്ങളിൽ പഴയരീതി പിന്തുടർന്നതായി ഇതിനായി വാദിച്ച വൈദികർ അവകാശപ്പെട്ടു. പഴയരീതിയിൽ തുടരാൻ തീരുമാനിച്ച ഇരിങ്ങാലക്കുട രൂപതയിൽ പുതിയ കുർബാനയ്ക്കായി പ്രതിഷേധം നടന്നു. ഒരു പള്ളിയിൽ ബിഷപ്പിന്റെ നിർദ്ദേശം അവഗണിച്ച് പുതിയ രീതി നടന്നു. 134 പള്ളികളാണ് രൂപതയുടെ കീഴിലുള്ളത്. ലൂർദ്ദ് പള്ളിയിൽ തൃശൂർ അതിരൂപതയുടെ ഏകീകൃത രീതിക്ക് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തുടക്കം കുറിച്ചു.

Advertisement
Advertisement