അട്ടപ്പാടിയിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തണം: കെ.സുരേന്ദ്രൻ

Monday 29 November 2021 12:00 AM IST

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ സോഷ്യൽ ഓഡിറ്റിംഗിന് സർക്കാരിനെ വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

കോടികൾ കേന്ദ്ര സർക്കാർ അട്ടപ്പാടിക്കായി നൽകി. എന്നാൽ ശിശുമരണം ഇന്നും തുടരുന്നു. കേന്ദ്ര സർക്കാർ നൽകിയ തുകയെല്ലാം ഭരിച്ചവരും ഭരിക്കുന്നവരും കട്ടുമുടിച്ചു. സർക്കാരിന്റെ നേതൃത്വത്തിലുള്ള കരുതിക്കൂട്ടിയുള്ള അഴിമതിയാണ് അട്ടപ്പാടിയിൽ നടക്കുന്നത്. സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾക്ക് സർക്കാർ ഫണ്ട് വകമാറ്റി നൽകി. കേരളത്തിൽ പട്ടിണിയില്ലന്ന് പറയുമ്പോൾ വനവാസി അമ്മമാരുടെ കുഞ്ഞുങ്ങൾ മരിച്ച് വീഴുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി പാലക്കാട് ജില്ലാ നേതൃ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജിത്തിന്റെ കൊലപാതകത്തിൽ പൊലീസ് പ്രതികളെ പിടികൂടാത്തത് മനഃപൂർവമാണോ എന്ന് സംശയുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ പേര് എഫ്‌.ഐ.ആറിൽ ഇല്ലാത്തത് ഗൗരവതരമാണ്. പോപ്പുലർ ഫ്രണ്ട് അജണ്ടയായ ഹലാലിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. ഹലാൽ ഭക്ഷണം നല്ലതെന്ന് പറയുന്ന മുഖ്യമന്ത്രി തീവ്രവാദികൾക്ക് പിന്തുണ നൽകുകയാണ്. ഹലാൽ നല്ല ഭക്ഷണം എങ്കിൽ ബാക്കി എല്ലാം മോശം ഭക്ഷണമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.