വീട്ടമ്മയുടെ നഗ്‌നചിത്രം പകർത്തിയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം : സതീഷ് കൊച്ചുപറമ്പിൽ

Monday 29 November 2021 12:38 AM IST

പത്തനംതിട്ട: വീട്ടമ്മയെ കാറിൽ കയറ്റി മയക്കുമരുന്ന് നൽകി നഗ്‌നചിത്രങ്ങൾ പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സി.പി.എം കോട്ടാലിൽ ബ്രാഞ്ച് സെക്രട്ടറി സി.സി.സജിമോൻ, ഡി.വൈ.എഫ്‌.​ഐ പ്രവർത്തകൻ നാസർ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയമാക്കണമെന്ന് ഡി.സി.സി പ്രസിസന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽവന്ന ഇടതു സർക്കാർ സ്ത്രീ പീഡനത്തിൽപെട്ട പാർട്ടി നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മുൻപ് വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ലോക്കൽ കമ്മിറ്റി നേതാവ് സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തയ്യാറകാതെ തരംതാഴ്ത്തുകയായിരുന്നു. സ്ത്രീ പീഡനം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാകുന്നവരെ ഭരണ നേതൃത്വം സംരക്ഷിക്കുന്നതു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും പൊലീസ് നിഷ്​ക്രീയത്വം വെടിഞ്ഞ് കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ ശക്തമായ സമരപരിപാടികൾ ഡി.സി.സിയുടെ നേതൃത്വത്തിൽ ആരംഭിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.