തിരക്കും നിയന്ത്രണവും: നിലയ്ക്കലിന് നിലതെറ്റും

Monday 29 November 2021 12:49 AM IST
സ്വർണശോഭയി​ൽ സന്നി​ധാനം, ഇന്നലെ പുലർവേളയി​ലെ കാഴ്ച

ശബരിമല : പ്രതികൂല കാലാവസ്ഥയും തിരക്കിനെയും തുടർന്ന് ശബരിമലയിലും പമ്പയിലും തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയാൽ പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലിന് നിലതെറ്റും. പമ്പയിൽ ജലനിരപ്പ് ഉയർന്നാൽ നിലയ്ക്കലിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ടാകും. വരുംദിവസങ്ങളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മഴ ശക്തമായാൽ ശബരിമലയിലും പമ്പയിലും തീർത്ഥാടകരെ തങ്ങാൻ അനുവദിക്കില്ല. പകരം നിലയ്ക്കലിൽ സൗകര്യമൊരുക്കേണ്ടിവരും. തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ പമ്പയിൽ ജലനിരപ്പ് ഉയർന്നപ്പോൾ നിലയ്ക്കലിൽ ബഥൽ സംവിധാനം ഒരുക്കുന്നതിൽ പൊലീസും ദേവസ്വം ബോർഡും പരാജയപ്പെട്ടിരിന്നു.

ചെയിൻ സർവ്വീസ് മുറിയുന്നു

തിരക്ക് വർദ്ധിച്ചതോടെ നിലയ്ക്കൽ - പമ്പ ചെയിൻ സർവ്വീസിനായി തീർത്ഥാടകർ ഏറെനേരം കാത്തുനിൽക്കണം. നാമമാത്രമായ ബസുകൾ മാത്രമാണ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സർവ്വീസ് നടത്തുന്നത്. ദീർഘദൂര സർവീസുകൾ പമ്പയിലേക്ക് പോകുമെങ്കിലും ഇതിൽ മറ്റ് തീർത്ഥാടകരെ പ്രവേശിപ്പിക്കല്ല. ചെറിയ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെ മാത്രമാണ് പ്രവേശനം. തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ ചെയിൻ സർവീസിനെ ആശ്രയിക്കണം. കൊവിഡ് നിയന്ത്രണമുളളതിനാൽ രാത്രി എട്ടിനും പുലർച്ചെ ഒന്നിനും ഇടയിൽ പമ്പയിലേക്ക് പ്രവേശനമില്ല. ഈ സമയങ്ങളിൽ എത്തുന്ന തീർത്ഥാടകർ നിലയ്ക്കലിൽ തങ്ങണം. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ എത്തിച്ചെങ്കിൽ മാത്രമെ പ്രശ്നങ്ങക്ക് പരിഹാരമാകു.

ആവശ്യത്തിനില്ല ആഹാരവും വെള്ളവും

തീർത്ഥാടനം തുടങ്ങി ആദ്യ പന്ത്രണ്ട് ദിവസങ്ങൾ പിന്നിട്ടിട്ടും നിലയ്ക്കലിൽ ആവശ്യത്തിന് ഹോട്ടലുകളും ലഘുഭക്ഷണ ശാലകളും തുറന്നിട്ടില്ല. ഒരു ഹോട്ടലും രണ്ട് ടീസ്റ്റാളുകളും മാത്രമാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡിന്റെ അന്നദാനമുണ്ടെങ്കിലും എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കുടിവെള്ളത്തിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. വാട്ടർ കിയോസ്കറുകൾ ചിലയിടങ്ങളിൽ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ദേവസ്വം ബോർഡിന്റെ കുടിവെള്ള വിതരണം മൂന്നിടങ്ങളിൽ മാത്രമായി ഒതുങ്ങി. ശൗചാലയങ്ങൾ തുറക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ബയോടോയ്ലെറ്റുകൾ മാത്രമാണ് നിലവിലുള്ളത്.

കൊവിഡ് പരിശോധന പാളി

കൊവിഡിന്റെ പുതിയ വകഭേദം വൻ അപകടകാരിയാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും നിലയ്ക്കലിൽ പരിശോധനയ്ക്ക് കാര്യമായ സംവിധാനങ്ങളില്ല. രണ്ട് ലാബുകൾ മാത്രമാണ് സജ്ജമാക്കിയിട്ടുള്ളത്. സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ ലാബുകൾ ക്രമീകരിക്കുമെന്ന് തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ ദേവസ്വം മന്ത്രി പറഞ്ഞിരുന്നെങ്കിലും നടപ്പായിട്ടില്ല. ഇത്തര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് വാക്സിൻ സർട്ടിഫിക്കറ്റിന് പുറമെ ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയതോടെ ലാബുകൾക്ക് മുന്നിൽ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ വൻതിരക്കാണ് അനുഭവപ്പെടുന്നത്.

Advertisement
Advertisement