കയറിൽ തൂങ്ങി 'അപ്പൂപ്പൻ', അമ്പരന്ന് കാഴ്ചക്കാർ

Monday 29 November 2021 12:30 AM IST
വാലിക്രോസ് പരിശീലനത്തിൽ പങ്കെടുക്കുന്ന സന്തോഷ്‌കുമാർ

കൊല്ലം: സാഹസിക പരിശീലനത്തിൽ യുവാക്കൾ പോലും പിന്നാക്കം പോകുന്ന കാലത്ത് പ്രായമെന്നത് വെറും അക്കം മാത്രമാണെന്ന് തെളിയിക്കുകയാണ് കൊല്ലം മുണ്ടയ്ക്കൽ കൊണ്ടേത്ത് പാലത്തിന് സമീപം ശീതളിൽ സന്തോഷ്‌കുമാർ (70). ദുരന്തമുഖങ്ങളിൽ പ്രവർത്തിക്കുന്നതിനായി ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷന്റെ (ഇപ്ലോ) ദുരന്ത നിവാരണ സേനയായ ഇപ്ലോ ഡി.എം. ബ്രിഗേഡ് സംഘടിപ്പിച്ച അഡ്വഞ്ചർ പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സന്തോഷ് മറ്റുള്ളവർക്ക് കൗതുകവും പ്രചോദനവുമായി.

കയറിൽ തൂങ്ങി നദികൾ മുറിച്ചുകടക്കുന്നതിന് സഹായിക്കുന്ന വാലിക്രോസ് ഇനത്തിലാണ് സന്തോഷ് വിജയകരമായി പങ്കെടുത്തത്. വൈദ്യുതി വകുപ്പിൽ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയറായി ജോലിചെയ്തിരുന്ന കാലത്ത് സർവേയുടെ ഭാഗമായി സാഹസിക ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. അച്ചൻകോവിലാറും കാടുമൊക്കെ ഇത്തരത്തിൽ മുറിച്ചുകടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച ശേഷം നഗരത്തിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനാണ്.

കൊല്ലം റെഡ് ക്രോസ് പരിസരത്ത് നടന്ന പരിശീലനം റെഡ്ക്രോസ് ജില്ലാ വൈസ് ചെയർമാൻ പ്രൊഫ. ജി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഇപ്ലോ ഇന്റർനാഷണൽ പ്രസിഡന്റ്‌ ജോർജ് എഫ്.സേവ്യർ വലിയവീട് അദ്ധ്യക്ഷത വഹിച്ചു. റെഡ്ക്രോസ് ജില്ലാ സെക്രട്ടറി എസ്. അജയകുമാർ (ബാലു), ഇപ്ലോ ഇന്റർനാഷണൽ ചാപ്റ്റർ ട്രഷറർ സുരേഷ് ബാബു, അഡ്വഞ്ചർ ട്രെയിനർ ഹർഷകുമാർ ശർമ, റെഡ്ക്രോസ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സന്തോഷ്‌ കുമാർ, പി. വിജയൻ,റെഡ്ക്രോസ് കൊട്ടാരക്കര താലൂക്ക് വൈസ് ചെയർമാൻ ശ്രീകുമാർ എന്നിവർ പങ്കെടുത്തു. വാലിക്രോസ്, നോഡ് പ്രാക്ടീസിംഗ്, ജൂമറിംഗ്, റാപ്പില്ലിംഗ് എന്നീ വിഭാഗങ്ങളിൽ നടത്തിയ പരിശീലന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു.

Advertisement
Advertisement