എനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാൽ മാത്രം മതി : പ്രധാനമന്ത്രി മോദി

Monday 29 November 2021 12:49 AM IST

ന്യൂഡൽഹി: തനിക്ക് അധികാരം വേണ്ടെന്നും ജനങ്ങളെ സേവിക്കുക മാത്രമാണ് ലക്ഷ്യമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ, ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ സൗജന്യഹൃദയ ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ച രാജേഷ് പ്രജാപതിയോട് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതികൾ ജനജീവിതം മാറ്റിമറിക്കാൻ സഹായിച്ചുവെന്നും അതിൽ വളരെ സംതൃപ്തനാണെന്നും മോദി പറഞ്ഞു.വികസന മുന്നേറ്റത്തിൽ നമ്മുടെ രാജ്യം നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. നമ്മുടെ യുവാക്കൾ പണ്ട് തൊഴിലന്വേഷകരായിരുന്നെങ്കിൽ ഇന്നവർ തൊഴിൽ ദാതാക്കളായി മാറുകയാണ്. രാജ്യത്തിപ്പോൾ 70ൽ അധികം യൂണികോൺ സ്റ്റാർട്ട് അപ്പുകളുണ്ട്. വാഹനങ്ങളിൽ മൈലേജ് വർദ്ധിപ്പിക്കുന്ന പദ്ധതി വിജയിപ്പിച്ച മയൂർ പാട്ടീലുമായി സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

1971ലെ പാകിസ്ഥാനെതിരായ യുദ്ധവിജയത്തിന്റെ 50ാം വാർഷികം ഡിസംബർ 16ന് ആചരിക്കുന്ന പശ്ചാത്തലത്തിൽ സൈനികരെയും അവരുടെ അമ്മമാരെയും ഓർക്കുകയും അവരെ പ്രശംസിക്കുകയും ചെയ്യുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

ഭരണഘടനാ ശില്പിയായ ബാബാ സഹേബ് അംബേദ്ക്കറുടെ ചരമവാർഷിക ദിനമാണ് ഡിസംബർ 6. അദ്ദേഹത്തോടുള്ള ആദരസൂചകമായി നാമെല്ലാവരും ഭരണഘടനയോടുള്ള കടമ നിറവേറ്റാൻ തയ്യാറാകണം. കൊവിഡ് പൂർണമായും ഇല്ലാതായിട്ടില്ലെന്നും ജാഗ്രത പാലിക്കേണ്ടത് നമ്മുടെയെല്ലാവരുടേയും കടമയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Advertisement
Advertisement