വിദ്യാഭ്യാസ വകുപ്പിൽ വാക്‌സിനെടുക്കാതെ അയ്യായിരത്തോളം പേർ

Monday 29 November 2021 1:00 AM IST

അദ്ധ്യാപകരും ജീവനക്കാരും കൂട്ടത്തിൽ, മാർഗ്ഗ രേഖ ലംഘനം അനുവദിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: വാക്‌സിനിലൂടെ നാടൊന്നാകെ കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമം നടത്തുമ്പോൾ,അതിനോട് വിമുഖത കാട്ടി വിദ്യാഭ്യാസ വകുപ്പിൽ അയ്യായിരത്തോളം അദ്ധ്യാപകരും അനദ്ധ്യാപകരും. ഇവർക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡി.ജി.ഇ) സർക്കാരിന് കത്ത് നൽകി.
കൊവിഡ് വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാരും അദ്ധ്യാപകരും സ്‌കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

വാക്‌സിനെടുക്കാത്തവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും, ആരോഗ്യ കാരണങ്ങളാൽ വാക്‌സിനെടുക്കാൻ കഴിയാത്തവരുടെ മെഡിക്കൽ രേഖകൾ പ്രത്യേക മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്നും ഡി.ജി.ഇയുടെ ശുപാർശയിലുണ്ട്. വാക്‌സിനെടുക്കാത്തവർ കുട്ടികളുമായി ഇടപഴകരുതെന്ന നിർദ്ദേശം മുതലാക്കി, വാ‌ക്‌സിനെടുക്കാത്ത അദ്ധ്യാപകർ ഉൾപ്പെടെ സ്റ്റാഫ് റൂമിലിരുന്നും ഓൺലൈൻ ക്ലാസിലൂടെയും ജോലി ചെയ്യുകയാണ്.

മഹാമാരിക്കാലത്ത് സമൂഹത്തിന്റെയാകെ സുരക്ഷയാണ് പ്രധാനം. ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്സിനെടുക്കാൻ കഴിയാത്തവർ അക്കാര്യം ശാസ്ത്രീയമായി ബോദ്ധ്യപ്പെടുത്തണം. കൊവിഡിന്റെ വകഭേദങ്ങൾ കാര്യങ്ങൾ സങ്കീർണമാക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിറുത്തി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളോട് ചേർന്നുനിൽക്കാൻ എല്ലാവരും തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വാക്സിനെടുക്കുക വ്യക്തിപരമായ തീരുമാനമാണെങ്കിലും അത് സമൂഹത്തിനാകെ ബാദ്ധ്യതയാകരുത്. കുട്ടികളുടെ ആരോഗ്യ സുരക്ഷ മുൻനിറുത്തി സർക്കാർ പുറത്തിറക്കിയ മാർഗരേഖയുടെ ലംഘനം അനുവദിക്കില്ല.

മന്ത്രി വി. ശിവൻകുട്ടി

Advertisement
Advertisement