ശിവഗിരി മഠത്തിന് സൗരപ്രഭ പകരാൻ സോളാർ വൈദ്യുതി

Monday 29 November 2021 1:07 AM IST

തിരുവനന്തപുരം: ശിവഗിരിമഠത്തിന് സൗരപ്രഭ ചൊരിയാൻ സോളാർ വൈദ്യുതിയും. ശ്രീനാരായണഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കോർത്തിണക്കി കേന്ദ്ര ടൂറിസം വകുപ്പ് 69.47 കോടി ചെലവിൽ നടപ്പാക്കുന്ന തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമാണ് സോളാർ പദ്ധതി. ശിവഗിരി മഠം, അരുവിപ്പുറം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ ക്ഷേത്രം എന്നിവിടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ച്, മഠത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും സോളാർ വൈദ്യുതി ലഭ്യമാക്കും. ദിവസം 900 കിലോവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിടുന്ന പദ്ധതിക്ക് 7.51 കോടിയാണ് ചെലവ്.

ശിവഗിരിയിലും അരുവിപ്പുറത്തും 300 കിലോവാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന പാനലുകളാണ് സ്ഥാപിക്കുന്നത്. ശിവഗിരിയിൽ ഓഡിറ്റോറിയത്തിന്റെയും അന്നദാനപ്പുരയുടെയും മേൽക്കൂരയിലാണ് സോളാർ പാനലുകൾ. ബംഗളുരു ആസ്ഥാനമായ കമ്പനി ഉത്പാദിപ്പിച്ച രണ്ട് ലോഡോളം സോളാർ പാനലുകൾ ശിവഗിരി മഠം ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ചു. അരുവിപ്പുറത്ത് ഡൈനിംഗ് ഹാളിന്റെ മുകളിൽ പാനലുകൾ സ്ഥാപിക്കും. ചെമ്പഴന്തിയിൽ ഡൈനിംഗ് ഹാളിന്റെയും സമീപത്തെ പുതിയ ബിൽഡിംഗിന്റെയും, കുന്നുംപാറയിൽ ഗസ്റ്റ് ഹൗസിന്റെയും പുതുതായി നിർമ്മിക്കുന്ന ടൂറിസം ഫെസിലിറ്റേഷൻ സെന്ററിന്റെയും ടെറസുകളിലും. ചെമ്പഴന്തി ഗുരുകുലത്തിലും, കുന്നും പാറയിലും 150 കിലോവാട്ടാണ് ലക്ഷ്യം. നൂറ് കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ 35 പാനലുകൾ മതി. മൊത്തം 315 സോളാർ പാനലുകളാണ് വേണ്ടിവരുന്നത്.

ഇക്കാല്ലത്തെ തീർത്ഥാടനസീസൺ അവസാനിച്ചാലുടൻ നിർമ്മാണജോലികൾ ആരംഭിക്കും. മൂന്നു മാസത്തിനകം ശിവഗിരി മഠത്തെയും അനുബന്ധ സ്ഥാപനങ്ങളെയും ഊർജ പ്രസരിപ്പിലാക്കാനാണ് പരുപാടി.

ശിവഗിരിയിൽ 150 കിലോവാട്ടാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം.​ ചെമ്പഴന്തി,​ അരുവിപ്പുറം,​ കുന്നുംപുറം എന്നിവിടങ്ങളിലേത് കൂടി കണക്കിലെടുത്താലും 450 കിലോവാട്ടിലൊതുങ്ങും. ഉപഭോഗത്തിലെ വർദ്ധന കൂടി കണക്കിലെടുത്താണ് 900 കിലോവാട്ടിന്റെ പദ്ധതി നടപ്പാക്കിയതെന്ന് നിർവഹണ ഏജൻസിയായ

ഐ.ടി.ഡി.സി അറിയിച്ചു.

സോളാർ അടുക്കള

സോളാർ പ്ളാന്റിനൊപ്പം ശിവഗിരിയിലും അരുവിപ്പുറത്തും ചെമ്പഴന്തിയിലും സോളാർ കുക്കിംഗ് സിസ്റ്റവും പദ്ധതിയുടെ ഭാഗമായുണ്ട്. സൗരോർജമുപയോഗിച്ച് പാചകംചെയ്യാൻ കഴിയുന്ന അടുപ്പുകളും പാത്രങ്ങളും ജലവിതരണ സംവിധാനങ്ങളുമുൾപ്പെട്ടതാണിത്. ശിവഗിരിയിലും അരുവിപ്പുറത്തും 2000 പേർക്ക് വീതവും ചെമ്പഴന്തിയിൽ 1000 പേർക്കും ഒരേ സമയം ഭക്ഷണം പാചകം ചെയ്യാം. തീർത്ഥാടകർക്കായി സോളാർ എനർജിയിൽ പ്രവർത്തിപ്പിക്കാവുന്ന ബാറ്ററി വാഹനങ്ങൾ ശിവഗിരിയിൽ അഞ്ചും അരുവിപ്പുറത്ത് മൂന്നും ഉണ്ടാവും.

നേട്ടങ്ങൾ

ഉത്പാദനകേന്ദ്രങ്ങളിലെ ഉപഭോഗശേഷമുള്ള വൈദ്യുതി മഠത്തിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾക്ക് നൽകാം.

മഠത്തെയും സ്ഥാപനങ്ങളെയും പരിസ്ഥിതി സൗഹൃദമാക്കാം

അന്തരീക്ഷ മലിനീകരണം ഒഴിവാകും