ഒമൈക്രോൺ: ശബരിമലയിൽ അതീവ ജാഗ്രത
പത്തനംതിട്ട: കൊവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമൈക്രോൺ ചിലവിദേശ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ജാഗ്രത കടുപ്പിക്കും. ഇതു സംബന്ധിച്ച് അവലോകന യോഗം ഡിസം. ഒന്നിന് സന്നിധാനത്ത് നടക്കും. സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്ന് ദേവസ്വം ബോർഡിന് നിലവിൽ നിർദ്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ശബരിമലയിലെത്തുന്ന തീർത്ഥാടകർക്കോ ജീവനക്കാർക്കോ കൊവിഡ് സ്ഥിരീകരിച്ചാൽ വിശദ സാമ്പിൾ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ കേരളകൗമുദിയോട് പറഞ്ഞു.
ശബരിമല തീർത്ഥാടകരുടെ എണ്ണം ഒാരോ ദിവസവും വർദ്ധിച്ചുവരികയാണ്. കൊവിഡ് രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുകളും ഉള്ളവരെ മാത്രമമാണ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടുന്നത്. പുതിയ സാഹചര്യത്തിൽ ഇൗ പരിശോധന കർശനമാക്കും. നിലവിൽ നിലയ്ക്കലിൽ നാല് സ്വകാര്യ ലാബുകാർ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നുണ്ട്.
- രണ്ട് പൊലീസുകാർക്ക് കൊവിഡ്
പമ്പയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ആദ്യ പൊസിറ്റീവ് കേസുകളാണിത്. ഒരു പൊലീസുകാരനും ബോംബ് സ്ക്വാഡിലെ വനിതാ പൊലീസിനുമാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.
- വരുമാനം 12 കോടി കടന്നു
മണ്ഡലകാല പൂജ തുടങ്ങി ശനിയാഴ്ച വരെ 1,32,310 തീർത്ഥാടകർ ദർശനം നടത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. വരുമാനം ശനിയാഴ്ച 12 കോടി കടന്നു. കാണിക്ക, അപ്പം, അരവണ, നെയ്യഭിഷേകം, കട ലേലം തുടങ്ങിയ ഇനങ്ങളിലാണ് ഇത്രയും തുക ലഭിച്ചത്. സാധാരണ തീർത്ഥാടന കാലത്ത് ഇത്രയും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുന്ന വരുമാനത്തിന്റെ മൂന്നിലൊന്ന് മാത്രമാണിത്.