ഇന്ത്യയെ മുട്ടുകുത്തിച്ചത് ഇന്ത്യൻ വംശജർ, പരാജയത്തിന്റെ വക്കിൽ നിന്ന് നാടകീയമായി സമനില പിടിച്ചെടുത്ത് ന്യൂസിലാൻഡ്

Monday 29 November 2021 6:39 PM IST

കാൺപൂർ: ആദ്യ ടെസ്റ്റിലെ അവസാന സെക്ഷനിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് വെറും ഒരു വിക്കറ്റ്. എന്നിട്ടും ആ ഒരു വിക്കറ്റ് വീഴ്ത്താനാകാതെ വിയ‌ർത്ത ഇന്ത്യയുടെ കൈയിൽ നിന്ന് സമനില പിടിച്ചെടുത്ത ന്യൂസിലാൻഡിന് ഇത് വിജയത്തിന് തുല്ല്യമായ റിസൾട്ട്. 284 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്ത് സമനില പിടിച്ചുവാങ്ങുകയായിരുന്നു. സ്‌കോർ ഇന്ത്യ 345, 243-7 ഡിക്ളയേഡ്, ന്യൂസിലൻഡ് 296, 165-9.

ന്യൂസിലാൻഡ് ടീമിലെ ഇന്ത്യൻ വംശജർ തന്നെയാണ് ഇന്ത്യയ്ക്ക് വിജയം നിഷേധിച്ചത്. മുംബയിൽ ജനിച്ച അജാസ് പട്ടേലും (23 പന്തിൽ 2 റൺ) കർണാടകയിൽ ജനിച്ച രചിൻ രവീന്ദ്രയും (91 പന്തിൽ 18 റൺ) ചേർന്ന് 8.4 ഓവറാണ് അവസാന വിക്കറ്റിൽ പിടിച്ചു നിന്നത്. അതും രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ എന്നിവരുടെ പന്തുകളെ നേരിട്ട് കൊണ്ട്.

എങ്ങനെയും അവസാന വിക്കറ്റ് നേടാനുള്ള ശ്രമത്തിൽ വിക്കറ്റ് കീപ്പറടക്കം എട്ട് ഫീൽഡർമാരെയാണ് ഇരു ബാറ്റ്സ്മാന്മാരുടേയും ചുറ്റിലും ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെ നിരത്തിയത്. എന്നാൽ ആ പരീക്ഷണങ്ങളെയെല്ലാം ധൈര്യപൂർവം അതിജീവിച്ച അജാസ് പട്ടേലും രചിൻ രവീന്ദ്രയും ന്യൂസിലാൻഡിന് അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത സമനില നേടിക്കൊടുത്തു. 52 പന്തുകളാണ് അവസാന വിക്കറ്റിൽ രചിൻ രവീന്ദ്രയും അജാസ് പട്ടേലും ചേർന്ന് പ്രതിരോധിച്ചത്. അവസാന നിമിഷം വെളിച്ചക്കുറവും ഇന്ത്യക്ക് മുന്നിൽ വില്ലനാപ്പോൾ വിജയം കൈയകലെ ഇന്ത്യക്ക് നഷ്ടമായി.