ടിപ്പർ സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആര്യനാട്: ഭർത്താവിനൊപ്പം സ്കൂട്ടറിൽ തൊഴിലുറപ്പ് പണിക്ക് പോകവേ വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു. പനയ്ക്കോട് കുര്യാത്തി രാഖി ഭവനിൽ രാജേന്ദ്രന്റെ ഭാര്യ ജലജ കുമാരി (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.45ന് ഉഴമലയ്ക്കൽ കുര്യാത്തി ആലുംകുഴിയിലായിരുന്നു അപകടം. മെയിൻ റോഡിലെ വളവിൽ അമിത വേഗത്തിലെത്തിയ ടിപ്പർ എതിർദിശയിൽ നിന്നെത്തിയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
കുര്യാത്തി ക്രഷർ യൂണിറ്റിൽ നിന്നും ലോഡ് കയറ്റി ഉഴമലയ്ക്കൽ ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും ജലജ കുമാരി ടിപ്പറിന് അടിയിലേക്ക് വീണു. പിൻഭാഗത്തെ ടയർ തലയിലൂടെ കയറിയിറങ്ങി തത്ക്ഷണം മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന രാജേന്ദ്രൻ മറുഭാഗത്തേക്ക് വീണതിനാൽ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളിയായ ജലജകുമാരിയെ ഭർത്താവ് ക്രഷറിന് സമീപത്തെ പണി സ്ഥലത്ത് കൊണ്ടാക്കാൻ പോവുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ:ശ്രുതി, രാഖി. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ടിപ്പർ ഡ്രൈവർ നെടുമങ്ങാട് കരിപ്പൂർ സ്വദേശി മുരളിക്കെതിരെ (44) ആര്യനാട് പൊലീസ് കേസെടുത്തു.