വൈദ്യുതി ഉത്‌പാദനത്തിൽ സ്വയംപര്യാപ്‌തത ലക്ഷ്യം: കെ. കൃഷ്‌ണൻകുട്ടി

Tuesday 30 November 2021 12:00 AM IST

തിരുവനന്തപുരം: വൈദ്യുതി ഉത്പാദനത്തിൽ സ്വയം പര്യാപ്‌തതയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി പറഞ്ഞു. ഇടുക്കി രണ്ടാം പവർ സ്റ്റേഷന്റെ പദ്ധതിരേഖ സമർപ്പണവും സോളാർ സൗരനിലയങ്ങളുടെ ഉപഭോക്‌തൃ രജിസ്‌ട്രേഷന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ ചെലവിൽ വൈദ്യുതി കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സോളാറിന്റെ സാദ്ധ്യതയും പ്രയോജനപ്പെടുത്തും. പരമ്പരാഗത വൈദ്യുതി ഉത്പാദനം കൂട്ടുകയും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും. സൗര വൈദ്യുതിയിലേക്ക് കടക്കുന്നതോടെ പ്രതിമാസ കുടുംബ ചെലവ് കുറയുന്നതിനൊപ്പം വൈദ്യുതി വാങ്ങുന്ന ചെലവ് സർക്കാരിന് കുറയ്‌ക്കാമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി ചെയർമാനും എം.ഡിയുമായ ബി.അശോക് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ.മധുലാൽ, രാജേഷ് കുമാർ സിൻഹ,വി.മുരുകദാസ്,നരേന്ദ്രനാഥ് വെല്ലൂരി,അനിൽകുമാർ വി.സി, ആർ.സുകു,സുധീർ.ജി തുടങ്ങിയവർ പങ്കെടുത്തു.