സംഗീതത്തിലെ വേലിക്കെട്ടുകൾ അപചയം : മന്ത്രി രാധാകൃഷ്ണൻ
ഗുരുവായൂർ: സംഗീതത്തിലെ വേലിക്കെട്ടുകളും മതിൽ കെട്ടുകളും നമ്മുടെ അപചയമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ചെമ്പൈ സംഗീതോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യേശുദാസ് പാടിയ ഭക്തിഗാനങ്ങൾ ക്ഷേത്രങ്ങളിൽ വയ്ക്കാം. എന്നാൽ ചില ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അദ്ദേഹത്തിന് അനുമതിയില്ല. കലാമണ്ഡലം ഹൈദരാലിയുടേയും അവസ്ഥ ഇതു തന്നെയായിരുന്നു. അദ്ദേഹത്തെക്കൊണ്ട് കഥകളി സംഗീതം പാടിക്കണമെന്ന് നിർബന്ധമുള്ളതു കൊണ്ട് ക്ഷേത്രത്തിന്റെ മതിൽ പൊളിച്ച അനുഭവം വരെയുണ്ട്. ഇതംഗീകരിച്ച് മുന്നോട്ട് പോകാനാവില്ല. കലയും സംഗീതവുമെല്ലാം എല്ലാ ഭേദചിന്തകൾക്കതീതമാണ്. ജാതിക്കും മതത്തിനും അതീതമാണ് സംഗീതമെന്ന് തിരിച്ചറിഞ്ഞുവെന്നതാണ് ചെമ്പൈ ഭാഗവതരുടെ മഹത്വം. ക്ഷേത്ര മതിൽക്കെട്ടിൽ നിന്ന് പുറത്തു കടന്നതോടെയാണ് കൂത്തിനും കൂടിയാട്ടത്തിനുമെല്ലാം ഐക്യരാഷ്ട്ര സംഘടന അടക്കമുള്ളവരുടെ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് സമ്മാനിച്ചു.. ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി,കെ. അജിത്, എ.വി. പ്രശാന്ത്, ഇ.പി.ആർ. വേശാല, കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പുരസ്‌കാര ജേതാവ് തിരുവിഴ ജയശങ്കറും സംഘവും അവതരിപ്പിച്ച കച്ചേരിയും അരങ്ങേറി.
ഇന്ന് രാവിലെ ഏഴിന് ക്ഷേത്രം ശ്രീലകത്ത് നിന്ന് പകർന്നെത്തിക്കുന്ന ഭദ്രദീപം ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് സംഗീത മണ്ഡപത്തിലെ നിലവിളക്കിൽ തെളിക്കുന്നതോടെ സംഗീതാർച്ചനകൾക്ക് തുടക്കമാകും. . ഡിസംബർ 14 നാണ് ഗുരുവായൂർ ഏകാദശി.