നടപടി സസ്പെൻഷനിൽ ഒതുക്കാൻ നീക്കം ,​ സി.ഐ സുധീറിനെതിരെ ആത്മഹത്യാപ്രേരണ കേസില്ല

Tuesday 30 November 2021 12:00 AM IST

തിരുവനന്തപുരം: ആലുവയിൽ നിയമവിദ്യാർത്ഥിനി മോഫിയ പർവീണിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സി.ഐ സുധീറിനെതിരെ പ്രേരണക്കുറ്റത്തിന് കേസെടുക്കാതെ സസ്പെൻഷനിൽ നടപടി ഒതുക്കിത്തീർക്കുന്നു.

ഗാർഹിക പീഡനത്തിന് പരാതിയുമായെത്തിയ മോഫിയയെ മാനസികരോഗിയെന്ന് ആക്ഷേപിക്കുകയും പിതാവിനെ അപമാനിക്കുകയും ചെയ്ത സി.ഐയ്ക്കെതിരെ ഐ.പി.സി-306-ാം വകുപ്പ് ചുമത്തി ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കേണ്ടതാണ്. എന്നാൽ ഗാർഹികപീഡന പരാതി കിട്ടിയിട്ടും കേസെടുക്കാൻ 25 ദിവസം വൈകിയെന്ന കൃത്യവിലോപത്തിലാണ് വകുപ്പുതല അന്വേഷണം.

ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന എറണാകുളം റൂറൽ ക്രൈംബ്രാഞ്ചാവട്ടെ, സി.ഐയുടെ മോശമായ ഇടപെടലുകൾ പരിശോധിക്കുന്നുമില്ല. ഗുരുതര ആരോപണങ്ങളുണ്ടായിട്ടും ഐ.പി.എസ് ഉദ്യോഗസ്ഥനെ വകുപ്പുതല അന്വേഷണത്തിന് നിയോഗിക്കാതെ ട്രാഫിക് അസി.കമ്മിഷണറെയാണ് ചുമതലപ്പെടുത്തിയത്.

സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്തെങ്കിലും വകുപ്പുതല അന്വേഷണം ഒതുക്കിതീർത്ത് ക്രമസമാധാന ചുമതലയിൽ തിരിച്ചെടുക്കാനാണ് സാദ്ധ്യതയെന്ന് കേരളകൗമുദി ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എസ്.ഐയായിരിക്കുമ്പോൾ മുതൽ സ്ത്രീകളുടെ പരാതികൾ അവഗണിച്ചും ഒത്തുതീർപ്പുണ്ടാക്കിയും സുധീർ കേസുകൾ ഒതുക്കിയതായി നിരവധി പരാതികളുയർന്നെങ്കിലും അന്വേഷണമില്ല. വാഹനാപകടത്തിൽ പരാതി നൽകാനെത്തിയപ്പോൾ അസഭ്യം വിളിച്ചെന്നും ഒത്തുതീർപ്പിന് നിർബന്ധിച്ചെന്നും വഴങ്ങാതിരുന്നപ്പോൾ കോടതിയിൽ തെറ്റായ റിപ്പോർട്ട് നൽകിയെന്നും അഞ്ചലിലെ അദ്ധ്യാപിക വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചും അന്വേഷണമില്ല.

പീഡനപ്പരാതിയിൽ ഒത്തുതീർപ്പ് പാടില്ല

ഗാർഹികപീഡന പരാതി പരിഹരിക്കാൻ മോഫിയയേയും ഭർത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും സംസാരിക്കുന്നതിനിടെ മോഫിയ ഭർത്താവിന്റെ കരണത്തടിച്ചപ്പോൾ സി.ഐ സുധീർ കയർത്തു സംസാരിച്ചെന്നുമാണ് എഫ്.ഐ.ആർ. ഒത്തുതീർപ്പിന് സി.ഐ ശ്രമിച്ചതും മോഫിയയെും പിതാവിനെയും മോശം ഭാഷയുപയോഗിച്ച് അധിക്ഷേപിച്ചതുമൊന്നും പറയുന്നില്ല. ഭർത്താവ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും ഇതിനായി പ്രേരിപ്പിക്കുന്നെന്നും ഭർത്താവും ഭർതൃമാതാവും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്നുമാണ് മോഫിയ പരാതിപ്പെട്ടത്. ഇങ്ങനെയൊരു പരാതിയിൽ ഒത്തുതീർപ്പിന് പൊലീസിന് അധികാരമില്ല. കേസെടുക്കണം. പ്രതികളുമായി ഒത്തുതീർപ്പിന് പരാതിക്കാരെ വിളിച്ചുവരുത്തുകയും, 24 ദിവസം പരാതി പൂഴ്‌ത്തിവയ്ക്കുകയും ചെയ്തത് ഗുരുതര കൃത്യവിലോപമാണ്.

"സി.ഐക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം. 5 വർഷത്തിനു മേൽ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. മനോവിഷമമുണ്ടാക്കി മോഫിയയെ മരണത്തിലേക്ക് തള്ളിവിട്ടതാണ് "

-ജസ്റ്റിസ് ബി. കെമാൽപാൽ

ഹൈക്കോടതി റിട്ട.ജഡ്ജി