നീറ്റ്: പ്രതീക്ഷിച്ച മാർക്ക് കിട്ടിയില്ല, ഉത്തരക്കടലാസ് നേരിട്ട് പരിശോധിക്കാൻ അവസരം നൽകി കോടതി

Tuesday 30 November 2021 12:00 AM IST

കൊല്ലം : നീറ്റ് പരീക്ഷയ്ക്ക് പ്രതീക്ഷിച്ച മാർക്ക് കിട്ടിയില്ലെന്ന പരാതിയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഓഫീസിലെത്തി ഉത്തരക്കടലാസുകൾ പരിശോധിക്കാൻ അവസരം നൽകി കോടതി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അഞ്ചൽ തടിക്കാട് മധുരപ്പ തടത്തിവിള പുത്തൻ വീട്ടിൽ എസ്. ആദിത്യ ഇന്ന് ഡൽഹിയിലെ ഒാഫീസിലെത്തി ഉത്തരക്കടലാസുകൾ പരിശോധിക്കും.

2021 സെപ്തംബർ 12ന് ശാസ്താംകോട്ട രാജഗിരി ബ്രൂക്ക്‌ ഇന്റർനാഷണൽ സ്കൂളിലാണ് ആദിത്യ നീറ്റ് പരീക്ഷ എഴുതിയത്. ഒക്ടോബർ 15ന് ഔദ്യോഗിക വെബ്സൈറ്റിൽ കാൻഡിഡേറ്റ് പോർട്ടലിൽ ഉത്തരക്കടലാസും ഉത്തരസൂചികയും പ്രസിദ്ധീകരിച്ചിരുന്നു. ഡൗൺലോഡ് ചെയ്യാൻ കഴിയാത്തതിനാൽ സ്ക്രീൻഷോട്ടിന്റെ പ്രിന്റെടുത്ത് പരിശോധിച്ചതിൽ 660 മാർക്ക് കിട്ടുമെന്നായിരുന്നു ആദിത്യയുടെ പ്രതീക്ഷ. എന്നാൽ, നവംബർ ഒന്നിന് ഫലം പ്രസിദ്ധീകരിച്ചപ്പോൾ 327 മാർക്ക് മാത്രമാണ് ലഭിച്ചത്.

നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടാകാത്തതിനാൽ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിദ്യാർത്ഥി ഉത്തരക്കടലാസ് വ്യാജമായി നിർമ്മിച്ചെന്നായിരുന്നു ടെസ്റ്റിംഗ് ഏജൻസിയുടെ വാദം. എന്നാൽ, വിദ്യാർത്ഥിക്ക്‌ രക്ഷിതാക്കൾക്കൊപ്പം ഒരാഴ്ചയ്ക്കകം നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഓഫീസിലെത്തി ഉത്തരക്കടലാസുകൾ നേരിട്ട് പരിശോധിക്കാൻ കോടതി അവസരം നൽകുകയായിരുന്നു.

Advertisement
Advertisement