നഗരസഭകളിലെ മാലിന്യ സംസ്‌കരണം: 2100 കോടിയുടെ ലോകബാങ്ക് പദ്ധതി

Tuesday 30 November 2021 12:00 AM IST

കണ്ണൂർ: സംസ്ഥാനത്തെ 93 നഗരസഭകളിൽ ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തും. പദ്ധതിക്ക് 2100 കോടി രൂപയാണ് ചെലവാക്കുന്നത്. ലോകബാങ്ക് പദ്ധതി വന്നാൽ മാലിന്യ സംസ്‌കരണം മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ വലിയതോതിൽ ഒഴിവാകും. 2025 വരെ നടപ്പാക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി.

നഗരസഭകൾക്ക് ചുറ്റുമുള്ള പഞ്ചായത്തുകളെ ഉൾപ്പെടുത്തി ഒരു ക്ലസ്റ്ററായാണ് 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനിലും പദ്ധതി നടപ്പാക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾക്ക് ഖരമാലിന്യ സംസ്‌കരണ ശേഷി മെച്ചപ്പെടുത്താനുള്ള സഹായം നൽകാനും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കാനും സാമ്പത്തിക സഹായം നൽകുകയാണ് പ്രധാന ലക്ഷ്യം.

ആശുപത്രികളിലെയും മെഡിക്കൽ സ്ഥാപനങ്ങളിലെയും ബയോമെഡിക്കൽ മാലിന്യങ്ങളും ഗാർഹിക ബയോമെഡിക്കൽ മാലിന്യങ്ങളും ഖരമാലിന്യങ്ങളുമായി കൂടിച്ചേർന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലോ ജലായശങ്ങളിലോ വലിച്ചെറിയപ്പെടുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് പരിഹരിക്കുന്നതിനൊപ്പം മാലിന്യ സംസ്‌കരണത്തിലെ കാർബൺ വാതകങ്ങൾ ഇല്ലാതാക്കാനും ലക്ഷ്യമിടുന്നു.സംസ്ഥാനത്തെ തീപിടിത്തങ്ങളുടെ 20 ശതമാനവും മാലിന്യ കേന്ദ്രങ്ങളിലാണ് . അതും ഇല്ലാതാക്കാം. ജലാശയങ്ങളിലും കടലിലും എത്തുന്ന 1305 ടൺ മാലിന്യങ്ങളും തടയാം.വേമ്പനാട് കായലിന്റെ അടിത്തട്ടിൽ മാത്രം 4276 ടൺ പ്ലാസ്റ്റിക് മാലിന്യം ഉണ്ടെന്നാണ് കണക്ക്. ജലമലിനീകരണത്തിനും തടയിടാം. ലോക ബാങ്കിന്റെ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രൊജക്ട് ഫിനാൻസിംഗ് (ഐ .പി .എഫ് ) എന്ന ധനസഹായ പദ്ധതിയാണ് ഉപയോഗിക്കുന്നത്.

93 നഗരസഭകൾ

പ്രതിദിന മാലിന്യ ഉൽപ്പാദനം 3735 ടൺ

55 - 65 % വീടുകളിൽ നിന്ന്

ബാക്കി വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിൽ നിന്ന്

ജലാശയങ്ങളിൽ തള്ളുന്നത് പ്രതിവർഷം 13 ദശലക്ഷം ടൺ മാലിന്യം
ആശുപത്രി കിടക്കകൾ 1,12,530

ഒരു ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ സൗകര്യം

 22,16,920 ടൺ മാലിന്യം ഒഴിവാകും

സംസ്ഥാനത്ത് കെട്ടിട മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ സൗകര്യമില്ല. ഇവ ഖര മാലിന്യങ്ങൾ വലിച്ചെറിയുന്ന യാർഡുകളിലോ ജലാശയങ്ങളിലോ പാതയോരങ്ങളിലോ മറ്റ് മാലിന്യങ്ങൾക്കൊപ്പം വലിച്ചെറിയപ്പെടുകയോ താഴ്ന്ന ഭൂമി നിരപ്പാക്കാൻ ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്.

ഇ.കെ. സോമശേഖരൻ

ജില്ലാ കോ ഓഡിനേറ്റർ, ഹരിത കേരളം മിഷൻ, കണ്ണൂർ

Advertisement
Advertisement