പരാതികൾ പൊലീസിന് കൈമാറാതെ ഒതുക്കുന്നു ജാമ്യമില്ലാക്കുറ്റം, എന്നിട്ടും റാഗിംഗ് കുട്ടിക്കളി

Tuesday 30 November 2021 12:16 AM IST

തിരുവനന്തപുരം: ജാമ്യമില്ലാക്കുറ്റമായിട്ടും റാഗിംഗ് പരാതി പൊലീസിന് കൈമാറാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒത്തുകളി. കോളേജുകളിൽ റാഗിംഗ് വിരുദ്ധസമിതി വേണമെന്ന യു.ജി.സി നിർദ്ദേശവും നടപ്പായില്ല. പ്രിൻസിപ്പലും അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും അടുത്ത സ്റ്റേഷനിലെ എസ്.എച്ച്.ഒയുമാണ് സമിതിയിലുണ്ടാവേണ്ടത്. പരാതികൾ പൊലീസിന് കൈമാറണമെന്ന ചട്ടം മറികടക്കാനാണ് സമിതികൾ രൂപീകരിക്കാത്തത്.

റാഗിംഗ് പൊലീസിൽ അറിയിച്ചില്ലെങ്കിൽ മെഡിക്കൽ കോളേജുകളുടെ അംഗീകാരം പിൻവലിക്കുമെന്നും സീറ്റുകൾ കുറയ്ക്കുമെന്നുമാണ് മെഡിക്കൽ കമ്മിഷന്റെ മുന്നറിയിപ്പ്. ഒന്നാംവർഷ വിദ്യാർത്ഥികളുടെ താമസസ്ഥലത്തേക്ക് മറ്റുള്ളവരുടെ പ്രവേശനം തടയണമെന്നും ആന്റി റാഗിംഗ് കമ്മിറ്റിയും സ്ക്വാഡും രൂപീകരിക്കണമെന്നുമുള്ള നിർദ്ദേശവും നടപ്പായില്ല. റാഗിംഗുണ്ടായാൽ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയിരിക്കണം. റാഗിംഗിനോട് സന്ധിയില്ലാ നയം (സീറോ ടോളറൻസ് ടു റാഗിംഗ്) നടപ്പാക്കണം. കാമ്പസുകളിൽ ലൈംഗികചൂഷണമോ ജാതി-മത-ഗോത്ര വിവേചനമോ പാടില്ല.

കുറ്റവും ശിക്ഷയും

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 13 വകുപ്പുകൾ പ്രകാരം കുറ്റകരമാണ് റാഗിംഗ്

രണ്ടുവ‌ർഷം വരെ തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ

കുറ്റക്കാരനായ വിദ്യാർത്ഥിയെ പുറത്താക്കണം

മൂന്നുവർഷത്തേക്ക് മറ്റെങ്ങും പ്രവേശനം നൽകില്ല

റാഗിംഗ് പ്രോത്സാഹിപ്പിക്കുന്നതും ശിക്ഷാർഹമാണ്

പരാതിയിൽ നടപടിയെടുക്കാത്ത സ്ഥാപന മേധാവിക്കെതിരെ പ്രേരണാക്കുറ്റം

പരാതി അവഗണിച്ചാൽ പ്രതിക്ക് നൽകുന്ന ശിക്ഷ ലഭിക്കും

എന്താണ് റാഗിംഗ്

വിദ്യാർത്ഥിക്ക് ശാരീരികമോ മാനസികമോ ആയി ദോഷംവരുത്തുന്ന ഏതു പ്രവൃത്തിയും റാഗിംഗാണ്. വിദ്യാർത്ഥിയിൽ ഭയം, ആശങ്ക, നാണക്കേട്, പരിഭ്രമം ഉണ്ടാക്കുന്നതും കളിയാക്കൽ, അധിക്ഷേപം, മുറിവേൽപ്പിക്കുന്ന പെരുമാറ്റം എന്നിവയും റാഗിംഗ് തന്നെ.

പരാതി കിട്ടിയാൽ

1)സ്ഥാപന മേധാവി ഏഴുദിവസത്തിനകം അന്വേഷണം നടത്തണം

2)കഴമ്പുണ്ടെങ്കിൽ കുറ്റക്കാരെ സസ്പെൻഡ് ചെയ്യണം

3)പരാതി പൊലീസിന് കൈമാറണം


പരാതിക്കാർക്ക് പിന്തുണ നൽകണം


വിദ്യാർത്ഥികളുടെ പരാതികൾ കേൾക്കാനുള്ള സംവിധാനം എല്ലാ കോളേജുകളിലും വേണമെന്ന് യു.ജി.സി


പരാതിക്കാരുടെ വിവരങ്ങൾ സ്ഥാപന മേധാവി രഹസ്യമാക്കി വയ്ക്കണം. പരാതിക്കാർക്ക് കൗൺസലിംഗ് നൽകണം.


കാമ്പസിൽ സി.സി ടിവി കാമറകൾ വേണം. വാർഡർമാർ, മെന്റർമാർ എന്നിവരെ ഉൾപ്പെടുത്തി നിരീക്ഷണം.