അഞ്ച് അങ്കണവാടികൾ ലയിക്കുന്നു രണ്ടായി

Tuesday 30 November 2021 12:45 AM IST

കൊച്ചി: സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അധിക ബാദ്ധ്യത ഒഴിവാക്കുന്നതിനും അങ്കണവാടികൾ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ചെണ്ണം കൂടി ലയിക്കുന്നു. കൊല്ലം ജില്ലയിലെ ഇത്തിക്കര, അഞ്ചാലുമൂട് എന്നിവിടങ്ങളിലെ അങ്കണവാടികളാണ് ഒരുമിപ്പിക്കുന്നത്.
ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിലെ ഇത്തിക്കരയിലെ 25, 37 അങ്കണവാടികളും കൊല്ലം കോർപ്പറേഷൻ അഞ്ചാലുമൂട് 95, 111, 117 എന്നിവയും ലയിപ്പിച്ച് രണ്ടായി ചുരുക്കും. സേവനം മെച്ചപ്പെടുത്തുന്നതിനൊപ്പം കാലോചിതമായി പരിഷ്‌കരിക്കുന്നതിനുമാണ് അങ്കണവാടികൾ സംയോജിപ്പിക്കുന്നത്. അധിക ബാദ്ധ്യതയില്ലാത്ത, അടുത്തടുത്ത് പ്രവർത്തിക്കുന്ന രണ്ടോ മൂന്നോ അങ്കണവാടികളെയും കേന്ദ്ര സർക്കാരിന്റെ നാഷണൽ ക്രഷ് സ്‌കീമിനു കീഴിലുള്ള ക്രഷുകളെയും അങ്കണവാടികളുമായി സംയോജിപ്പിക്കും. പത്തനംതിട്ട, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവയാണ് ആദ്യം ലയിപ്പിക്കുന്നത്.
ക്രഷ്, അങ്കണവാടി എന്നിവയ്ക്ക് പ്രത്യേക മുറികൾ, 120 മുതൽ 150 ചതുരശ്രയടി സ്ഥലം, ചുവരുകളിൽ ചിത്രങ്ങൾ, ഭിന്നശേഷി കുട്ടികൾക്കുള്ള സൗകര്യങ്ങൾ, അമ്മമാർക്ക് മുലയൂട്ടാൻ സ്ഥലം, അടുക്കള, ശുചിമുറി തുടങ്ങിയവ ഇവിടെയുണ്ടാകും. ആദ്യഘട്ടത്തിൽ മൂന്നു ജില്ലകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംയോജനത്തോടെ പ്രവർത്തന സമയത്തിലും ജീവനക്കാരുടെ ജോലി സമയത്തിനും മാറ്റമുണ്ടാകും.

Advertisement
Advertisement