റോഡ് നിർമ്മാണം ദീർഘവീക്ഷണത്തോടെ വേണം: ഹൈക്കോടതി

Tuesday 30 November 2021 12:57 AM IST

കൊച്ചി: ഭാവികാലം കൂടി കണക്കിലെടുത്താണ് റോഡുകൾ നിർമ്മിക്കേണ്ടതെന്നും ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളായി റോഡുകൾ മാറരുതെന്നും ഹൈക്കോടതി. നാടുകാണി - പരപ്പനങ്ങാടി റോഡിന്റെ വീതി 12 മുതൽ 15 മീറ്റർ വരെ കൂട്ടി നിർമ്മിക്കാനായിരുന്നു പദ്ധതിയെങ്കിലും പത്തു മീറ്ററാക്കി ചുരുക്കിയെന്ന് സർക്കാർ അറിയിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്. റോഡ് വീതി കൂട്ടാൻ ഭൂമി ഏറ്റെടുക്കലിന് മതിയായ ഫണ്ടില്ലെന്ന് വിലയിരുത്തിയാണ് വീതി പത്തു മീറ്ററായി നിശ്ചയിച്ചതെന്ന് സർക്കാർ വിശദീകരിച്ചിരുന്നു. എന്നാൽ വർദ്ധിച്ചു വരുന്ന ട്രാഫിക്കും റോഡപകടങ്ങളും കണക്കിലെടുത്ത് ഭാവിയിലേക്കുള്ള ഒരു കരുതൽ റോഡ് നിർമ്മാണത്തിലുണ്ടാവണമെന്ന് പറഞ്ഞാൽ ആരും എതിർപ്പുമായി വരില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തുടർന്ന് സർക്കാരിന്റെ തീരുമാനത്തിനായി ഹർജി ഡിസംബർ 14 ലേക്ക് മാറ്റി.

Advertisement
Advertisement