എം.എം. ഹസൻ കടപ്പാറ മൂർത്തിക്കുന്നിലെത്തി

Tuesday 30 November 2021 1:03 AM IST
യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ കടപ്പാറ മൂർത്തിക്കുന്ന് സമരഭൂമിയിൽ എത്തിയപ്പോൾ

മംഗലംഡാം: യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ ആദിവാസി ഭൂസമരം നടക്കുന്ന കടപ്പാറ മൂർത്തിക്കുന്നിൽ സന്ദർശനം നടത്തി. പാലക്കാട് ജില്ലയിൽ നടന്ന ജന ജാഗരൺ അഭിയാൻ പദയാത്രയുടെ ഭാഗമായാണ് വണ്ടാഴി പഞ്ചായത്തിലെ സമരഭൂമിയിൽ ഹസ്സൻ എത്തിയത്. സമരഭൂമിയിൽ എത്തിയ അദ്ദേഹം മൂർത്തിക്കുന്ന് ആദിവാസി കോളനിയിലെ കുടുംബങ്ങളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. രണ്ട് ചേരിയായി നിൽക്കുന്ന കോളനിക്കാരോട് ഒരുമിച്ച് നിൽക്കണമെന്നും നിങ്ങളെ ഭിന്നിപ്പിച്ച് സമരം പരാജയപ്പെടുത്തുക എന്നത് ഭരിക്കുന്ന പാർട്ടിയുടേയും ഉദ്യോഗസ്ഥരുടേയും തന്ത്രമാണെന്നും എം.എം.ഹസ്സൻ പറഞ്ഞു.

പട്ടികവർഗ്ഗ കോളനിക്കാർക്ക് ഭീമമായ വൈദ്യുതി ബിൽ ചുമത്തുകയും കുടിശ്ശിക അടച്ചില്ലെങ്കിൽ വൈദ്യുതി വിതരണം നിറുത്തുമെന്നുമുള്ള ഭീഷണിയെ കുറിച്ചും ജീർണിച്ച് ഇടുങ്ങിയ വീടുകളിൽ തങ്ങൾ അനുഭവിക്കുന്ന വിഷമങ്ങളും കോളനിയിലെ സ്ത്രീകൾ നേതാക്കളോട് വിവരിച്ചു. പ്രതിപക്ഷനേതാവുമായി ബന്ധപ്പെട്ട് നിങ്ങളുടെ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച് പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എം. ഹസൻ കോളനിക്കാർക്ക് ഉറപ്പ് നൽകി.

ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ, കെ.പി.സി.സി ജനറൻ സെക്രട്ടറി സി. ചന്ദ്രൻ, സി.വി. ബാലചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ, കെ.പി.സി.സി മെമ്പർ കെ. ഗോപിനാഥ് തുടങ്ങിയവരും സമരഭൂമിയിൽ എത്തിയിരുന്നു.