അഷ്ട വക്രാസനയിൽ റെക്കാഡ് മറികടന്ന് പ്രഖ്യ

Tuesday 30 November 2021 1:12 AM IST

പാലക്കാട്: അഷ്ട വക്രാസനയിൽ നിലവിലെ ഗിന്നസ് റെക്കാഡ് മറികടന്ന് പ്രഖ്യ. കഴിഞ്ഞ ദിവസം ധോണി ലീഡ് കോളേജിലായിരുന്നു മികവേറിയ പ്രകടനം കാഴ്ചവച്ചത്. നിലവിൽ ബംഗളൂരു സ്വദേശിയായ സുമിതശ്രീയുടെ റെക്കാഡാണ് പത്തു വയസ്സുകാരിയായ പ്രഖ്യ മറികടന്നത്. പാലക്കാടിലെ പാറ എലപ്പുള്ളി വീട്ടിൽ രഞ്ജിത്, മാജിത ദമ്പതികളുടെ മകളായ പ്രഖ്യ കഞ്ചിക്കോട് കേന്ദ്ര വിദ്യാലയയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സെൻസായി കെ. സുഖിലിന്റെ ശിക്ഷണത്തിൽ രണ്ടര വർഷമായി കാരാത്തെ അഭ്യസിച്ചു വരുന്നു.

കരാത്തെ പരിശീലനത്തിനെത്തിയ പ്രഖ്യ ഒരു മാസം കൊണ്ടാണ് അഷ്ട വക്രാസന പരീശീലിച്ചത്. നിലവിലെ റെക്കാഡായ ഒരു മിനുട്ട് 56 സെക്കന്റ് മറികടന്ന് മൂന്ന് മിനുട്ട് 25 സെക്കൻഡ് അഷ്ട വക്രാസനത്തിൽ നിന്ന് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഗിന്നസ് റെക്കാഡ് ജേതാവും ലീഡ് കോളേജ് പ്രിൻസിപ്പലുമായ ഡോ. തോമസ് ജോർജ്, ലീഡ് കോളേജ് അദ്ധ്യാപകനായ ഡോ. ജേക്കബ് ജോജു, യോഗ പരിശീലകരായ വേൽമുരുകൻ, മനോജ് എന്നിവർ വിധികർത്താക്കളായി.