പുതിയ കുതിപ്പുമായി കേന്ദ്ര നികുതി വരുമാനം, ഇ-വേ ബില്ലിൽ റെക്കാഡ്; ജി.എസ്.ടി വരുമാനം കുതിക്കും

Tuesday 30 November 2021 2:30 AM IST

 അറ്റ പ്രത്യക്ഷ നികുതി വരുമാനം 68% മുന്നേറി

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി അയഞ്ഞതിന്റെ കരുത്തിൽ നികുതി വരുമാനത്തിൽ പുത്തനുണർവ് നേടി കേന്ദ്രം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമാനകാലത്തെ അപേക്ഷിച്ച് ഇക്കുറി ഏപ്രിൽ ഒന്നുമുതൽ നവംബർ 23 വരെയുള്ള കാലയളവിൽ 67.93 ശതമാനം വളർച്ചയോടെ 6.92 ലക്ഷം കോടി രൂപയുടെ അറ്റ പ്രത്യക്ഷ നികുതി വരുമാനം ലഭിച്ചുവെന്ന് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ പറഞ്ഞു.

കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019-20ലെ സമാനകാലത്തേക്കാൾ 27.29 ശതമാനം അധികവുമാണിത്. 2020-21ലെ സമാനകാലത്ത് 4.12 ലക്ഷം കോടി രൂപയും 2019-20ലെ സമാനകാലത്ത് 5.44 ലക്ഷം കോടി രൂപയുമായിരുന്നു അറ്റ പ്രത്യക്ഷ നികുതി വരുമാനം. മൊത്തം നികുതി വരുമാനം നടപ്പുവർഷം നവംബർ 23 വരെ 8.15 ലക്ഷം കോടി രൂപയാണ്; കഴിഞ്ഞവർഷത്തെ ഇതേകാലയളവിനേക്കാൾ വർദ്ധന 48.11 ശതമാനം.

ഇ-വേ ബില്ലിൽ റെക്കാഡ്;

ജി.എസ്.ടി വരുമാനം കുതിക്കും

ഈവർഷം ഏപ്രിലിലെ 1.41 ലക്ഷം കോടി രൂപയാണ് ജി.എസ്.ടിയുടെ എക്കാലത്തെയും ഉയർന്ന സമാഹരണം. മാർച്ചിലെ ഇടപാടുകളുടെ നികുതി സമാഹരണമായിരുന്നു അത്; മാർച്ചിൽ ഇ-വേ ബിൽ 7.12 കോടിയായിരുന്നു.

ജി.എസ്.ടി ബാധകമായ ഉത്പന്നങ്ങളുടെ സംസ്ഥാനാന്തര നീക്കത്തിനുള്ള അനുമതിരേഖയായ ഇലക്‌ട്രോണിക് വേ ബിൽ (ഇ-വേ ബിൽ) ഈമാസം എക്കാലത്തെയും ഉയരമായ 7.35 കോടി കവിഞ്ഞിട്ടുണ്ട്. ഈമാസത്തെ ജി.എസ്.ടി കളക്ഷൻ കുത്തനെ കൂടുമെന്ന സൂചനയാണിതെന്ന് കേന്ദ്രം വ്യക്തമാക്കി. 1.30 ലക്ഷം കോടി രൂപയായിരുന്നു ഒക്‌ടോബറിലെ സമാഹരണം.

Advertisement
Advertisement