മുല്ലപ്പെരിയാറിൽ ഷട്ടറുകൾ ഉയർത്തിയത് മുന്നറിയിപ്പ് നൽകാതെയെന്ന് ഡീൻ കുര്യാക്കോസ്, പെരിയാറിൽ ജലനിരപ്പ് മൂന്നടിയോളം ഉയർന്നു, വീടുകളിൽ വെള്ളം കയറി

Tuesday 30 November 2021 10:54 AM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ഷട്ടറുകൾ തുറന്നപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിന് പിന്നാലെ സ്പിൽവേയിലെ ഒൻപത് ഷട്ടറുകളാണ് തുറന്നത്. അഞ്ച് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ബാക്കി നാലെണ്ണം 30 സെന്റീമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്.


മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. മൂന്നടിയോളമാണ് നദിയിലെ ജലനിരപ്പ് ഉയർന്നത്. പെരിയാർ തീരത്തെ വീടുകളിലടക്കം വെള്ളം കയറി. മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.

പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 3.55 നാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തിയത്.