എന്തെങ്കിലും സംഭവിച്ചാൽ അവർ വെള്ളം കുടിക്കാതെ ചാകും, നമ്മൾ വെള്ളം കുടിച്ചും ചാകും; മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയെ തഴഞ്ഞ് എം എം മണി

Tuesday 30 November 2021 5:49 PM IST

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണെന്നും വണ്ടിപ്പെരിയാറിന് മുകളിൽ ഒരു ജലബോംബായി മുല്ലപ്പെരിയാർ അണക്കെട്ട് നിൽക്കുകയാണെന്നും മുൻ മന്ത്രിയും സി പി എം നേതാവുമായ എം എം മണി പറഞ്ഞു. നേരത്തെ മുല്ലപ്പെരിയാർ വിഷയത്തിൽ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചാരണങ്ങൾ നടന്നപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് എം എം മണിയുടെ പ്രസ്താവന. ഇടുക്കി നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു മുൻ മന്ത്രി.

താൻ പല പ്രാവശ്യം അണക്കെട്ടിനുള്ളിൽ പോയിട്ടുണ്ടെന്നും ശർക്കരയും സുർക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകം കാലിയാണെന്നും അദ്ദേഹം പറഞ്ഞു. "അണക്കെട്ടിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്ന് ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളിൽ സിമന്റ് പൂശിയാൽ നിൽക്കുമോ. എന്തേലും സംഭവിച്ചാൽ വരാൻ പോകുന്നത് അവർ വെള്ളം കുടിക്കാതെയും ചാകും, നമ്മൾ വെള്ളം കുടിച്ചും ചാകും," മന്ത്രി പറഞ്ഞു.

വണ്ടിപ്പെരിയാറിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ ബോംബ് പോലെ മുല്ലപ്പെരിയാർ നിൽക്കുകയാണെന്നും തമിഴ്നാട് ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും എം എം മണി ആരോപിച്ചു. പുതിയ ഡാമല്ലാതെ വേറെ മാർഗമില്ലെന്നും എൽ ഡി എഫ് സർക്കാരിന്റെ നിലപാടും ഇതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട് സർക്കാർ കൂടി മനസുവച്ചാൽ ഈ പ്രശ്നം പെട്ടെന്ന് തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement