പ്രവാസികളുടെ ശ്രദ്ധയ്ക്ക്, യു എ ഇയിൽ സമൂഹമാദ്ധ്യമങ്ങളടക്കം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക, 200,000 ദിർഹം വരെ പിഴ ശിക്ഷ കുത്തനെ ഉയർത്തി, നിരവധി നിയമങ്ങൾ പരിഷ്‌കരിച്ചു

Tuesday 30 November 2021 9:02 PM IST

അബുദാബി : സൈബർ നിയമങ്ങളിൽ ശക്തമായ ഭേദഗതി നടത്തി യു എ ഇ. പുതിയ സൈബർ ക്രൈം നിയമപ്രകാരം വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയോ ഓൺലൈനിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പോസ്റ്റ് ചെയ്യുകയോ ചെയ്താൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കും. വ്യാജ ഇമെയിലോ വെബ്‌സൈറ്റോ അക്കൗണ്ടോ ഉപയോഗിച്ച് ഓൺലൈനായി ആൾമാറാട്ടം നടത്തുന്നത് 50,000 ദിർഹത്തിൽ കുറയാത്തതും 200,000 ദിർഹത്തിൽ കൂടാത്തതുമായ പിഴയോ ജയിൽ ശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. 2022ജനുവരി രണ്ട് മുതൽക്കാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇതിനായി 2012 ലെ ഫെഡറൽ നിയമത്തിൽ നിരവധി ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്.

ഓൺലൈനിലൂടെ ഒരു ഉൽപ്പന്നത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ, കൃത്യമല്ലാത്ത ഡാറ്റയോ പോസ്റ്റ് ചെയ്താൽ 20,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും. പെർമിറ്റ് എടുക്കാതെ ഓൺലൈൻ സർവേകളും വോട്ടെടുപ്പുകളും നടത്തുന്നതും ജയിൽ ശിക്ഷയോ 100,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും പിഴയോ ലഭിക്കുന്ന കുറ്റമാണ്. ശനിയാഴ്ച പ്രഖ്യാപിച്ച ഏറ്റവും വലിയ നിയമനിർമ്മാണ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നിയമം. നിക്ഷേപം, വ്യാപാരം, വ്യവസായം, വാണിജ്യ കമ്പനികൾ, റസിഡൻസി, ഓൺലൈൻ സുരക്ഷ, സാമൂഹിക കാര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളുടെ നിയമനിർമ്മാണ ഘടന വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 40 നിയമങ്ങൾ മാറ്റുമെന്ന് യുഎഇ പ്രഖ്യാപിച്ചു.