രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: അസാധുവായ വോട്ട് മന്ത്രി ഗോവിന്ദന്റേത്?

Wednesday 01 December 2021 12:23 AM IST

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലേക്ക് കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ അസാധുവാക്കപ്പെട്ടത് ആറാം നമ്പരായി രേഖപ്പെടുത്തിയ ബാലറ്റെന്ന് സൂചന. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി എം.വി. ഗോവിന്ദന്റേതായിരുന്നു അതെന്ന സൂചനകളാണ് ശക്തം.

ഓർക്കാതെ ആദ്യം ടിക് മാർക്ക് ചെയ്യുകയും അബദ്ധം പെട്ടെന്ന് തിരിച്ചറിഞ്ഞ് അതിനെ 1 എന്നാക്കി തിരുത്തുകയും ചെയ്തത് യു.ഡി.എഫ് എം.എൽ.എമാർ ചോദ്യം ചെയ്തതോടെയാണ് മുഖ്യ വരണാധികാരിയായ നിയമസഭാ സെക്രട്ടറി അത് അസാധുവായി പ്രഖ്യാപിച്ചത്. ഇതേച്ചൊല്ലി ഭരണ-പ്രതിപക്ഷ എം.എൽ.എമാർ തമ്മിൽ രൂക്ഷമായ വാഗ്വാദവും അരങ്ങേറി. വോട്ട് അംഗീകരിക്കുന്നെങ്കിൽ അത് തങ്ങളുടെ വിയോജനത്തോടെയാകണമെന്ന് യു.ഡി.എഫ് അംഗങ്ങളായ ഡോ. മാത്യു കുഴൽനാടനും എൻ. ഷംസുദ്ദീനും നിലപാടെടുത്തു. കൂടുതൽ നിയമ സങ്കീർണതകൾ

ഒഴിവാക്കാനാണ് വരണാധികാരി അതിനെ അസാധുവാക്കി പ്രത്യേകം സീൽ ചെയ്ത് കവറിലാക്കിയത്.

അടുത്തിടെ നടന്ന സെനറ്റ് തിരഞ്ഞെടുപ്പിൽ ടിക് മാർക്കായിരുന്നു. ഇത് ഉള്ളിൽ കിടന്നത് കാരണം ഓർക്കാതെ ടിക് രേഖപ്പെടുത്തിയതാകാമെന്നാണ് സംസാരം. അബദ്ധം പിണഞ്ഞ അംഗം അപ്പോൾ തന്നെ അക്കാര്യം ഇടത് പോളിംഗ് ഇൻ ഏജന്റ് സി.കെ. ഹരീന്ദ്രനെയും നിയമസഭാ സെക്രട്ടറിയെയും ധരിപ്പിച്ചതായും അറിയുന്നു.

Advertisement
Advertisement