ഡാമിന്റെ അകം കാലി, മുല്ലപ്പെരിയാർ ജലബോംബ്: എം.എം. മണി

Wednesday 01 December 2021 1:30 AM IST

നെടുങ്കണ്ടം: മുല്ലപ്പെരിയാർ ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളിൽ നിൽക്കുകയാണെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം. മണി എം.എൽ.എ. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ച മുല്ലപ്പെരിയാർ ഡാമിന്റെ അകം കാലിയാണ്. വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണ്. താൻ പല തവണ മന്ത്രിമാരുടെ കൂടെ മുല്ലപ്പെരിയാറിൽ പോയിട്ടുണ്ട്. വെള്ളം ഇറ്റിറ്റ് വരുന്നത് കാണാം. അതിന്റെ മുകളിൽ സിമന്റ് പൂശിയാൽ നിൽക്കുമോ. എന്തേലും സംഭവിച്ചാൽ അവർ വെള്ളം കുടിക്കാതെയും ചാകും, നമ്മൾ വെള്ളം കുടിച്ചും ചാകും.

താൻ ഇത് നിയമസഭയിൽ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. പുതിയ ഡാമല്ലാതെ വേറെ മാർഗമില്ല. എൽ.ഡി.എഫ് സർക്കാരിനും ഈ നിലപാട് തന്നെയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താൽ പ്രശ്‌നം വേഗത്തിൽ തീരും. ഹൈറേഞ്ച് സംരക്ഷണ സമിതി ഇതിന് വേണ്ടി ശബ്ദം ഉയർത്തണമെന്നാണ് തന്റെ അഭിപ്രായം. വിഷയം ഉയർത്തുമ്പോൾ രണ്ട് സംസ്ഥാനത്തെയും ജനങ്ങൾ തമ്മിൽ ഒരു സംഘർഷമുണ്ടാകാതെ തന്മയത്തത്തോടെ വേണം കൈകാര്യം ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement