"സംഘപരിവാറിന്റെ മതദേശീയതാ സങ്കൽപം രാജ്യത്തെ വിഴുങ്ങുന്നു "

Wednesday 01 December 2021 12:57 AM IST

മുക്കം: സംഘപരിവാറിന്റെ മത ദേശീയതാ സങ്കൽപ്പം രാജ്യത്തെ വിഴുങ്ങി കൊണ്ടിരിക്കുകയാണെന്നും ഭരണഘടന സംവിധാനങ്ങളും പാലർമന്റും അതിനായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഡോ.സുനിൽ പി ഇളയിടം പറഞ്ഞു. സി.പി.എം തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി "മതം - രാഷ്ട്രം - മത നിരപേക്ഷത " എന്ന വിഷയത്തെ ആസ്പദമാക്കി മുക്കത്ത് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ ദേശീയ സങ്കൽപ്പങ്ങളെ തകർത്ത് മധ്യകാല രാജവാഴ്ചയെയും നാടുവാഴിത്തത്തെയും പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അന്യ മതവിദ്വേഷത്തെ ദേശീയതായി കാണുന്നതാണ് സംഘ പരിവാറിന്റെ ദേശീയതാ സങ്കൽപ്പം. മത രാഷ്ട്രവാദം ഏത് വിഭാഗത്തിന്റേതായാലും അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധവും ഫാസിസവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ.എം.എസ് സ്മാരക ഹാളിൽ നടന്ന സെമിനാറിൽ സി പി. എം തിരുവമ്പാടി ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി .ടി. ബാബു,ഡോ. സുനിൽ പി ഇളയിടത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ജോർജ് എം തോമസ്, ഇ. രമേശ് ബാബു, അഡ്വ.കെ പി ചാന്ദിനി , വി അബ്ദുള്ളക്കോയ ഹാജി, എ. പി. മുരളീധരൻ, ബച്ചു ചെറുവാടി, ജോണി ഇടശേരി, വി. കെ. വിനോദ് ,കെ. സുന്ദരൻ, വി. വസീഫ് എന്നിവർ സംസാരിച്ചു.വി. കുഞ്ഞൻ സ്വാഗതവും കെ. ടി. ശ്രീധരൻ നന്ദിയും പറഞ്ഞു.