ഇരിങ്ങാലക്കുടയിൽ യുവാക്കളുടെ മരണം ഫോർമാലിൻ ഉള്ളിൽച്ചെന്ന്

Wednesday 01 December 2021 1:20 AM IST

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ തിങ്കളാഴ്ച രാത്രിയും ഇന്നലെ വെളുപ്പിനുമായി രണ്ട് യുവാക്കൾ മരിച്ചത് ഫോർമാലിൻ ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അബദ്ധത്തിൽ കഴിച്ചതാണോ, മന:പൂർവം നൽകിയതാണോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. വ്യാജമദ്യ ദുരന്തമെന്ന് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചിരുന്നു.

ഇരിങ്ങാലക്കുട ചന്തക്കുന്നിൽ എക്‌സൈസ് ഓഫീസിന് സമീപത്തെ ഗോൾഡൻ ചിക്കൻ സെന്റർ ഉടമ കണ്ണമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിന് സമീപം തട്ടുകട നടത്തുന്ന പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ശങ്കരന്റെ മകൻ ബിജു (42) എന്നിവരാണ് മരിച്ചത്.
കോഴിക്കട ഉടമയായ നിശാന്തിന്റെ പക്കൽ ഫോർമാലിൻ എങ്ങനെ വന്നുവെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. വാങ്ങിവച്ച മദ്യം മറ്റാരെങ്കിലും എടുത്ത് കഴിച്ച ശേഷം പകരം ഫോർമാലിൻ ഒഴിച്ചുവച്ചതാണോയെന്നും ഫോർമാലിൻ കഴിച്ചാൽ മദ്യത്തിന് വീര്യം കൂടുമോയെന്ന് ആരെങ്കിലും പറഞ്ഞതാണോയെന്നും അന്വേഷിക്കും.

ഫോർമാലിന്റെ ഉറവിടം കണ്ടെത്തുമെന്നും ദുരൂഹത നീക്കാൻ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചതായും റൂറൽ എസ്.പി ജി. പൂങ്കുഴലി പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിനാണ് അന്വേഷണച്ചുമതല. മദ്യത്തിൽ ഫോർമാലിൻ ഒഴിച്ചാണ് നിശാന്ത് കഴിച്ചിട്ടുള്ളതെന്നാണ് വിവരം. ബിജു വെള്ളത്തിൽ ചേർത്തും. ഇരുവരുടെയും ആന്തരികാവയവങ്ങൾ പൊള്ളിയ നിലയിലാണ്. ഇരുവരെയും ആശുപത്രിയിലെത്തിക്കാൻ സഹായിച്ചവർക്ക് കണ്ണെരിച്ചിൽ അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിലെത്തിയ ഡോക്ടർക്കും നഴ്‌സിനും കണ്ണെരിച്ചിലുണ്ടായി.

തിങ്കളാഴ്ച്ച രാത്രി ചിക്കൻ കടയിൽ വച്ചാണ് രണ്ടുപേരും കഴിച്ചത്. പുകച്ചിലും എരിച്ചിലും അനുഭവപ്പെട്ട് അവശനായ നിശാന്ത് രാത്രി ഒൻപതോടെ ആശുപത്രിയിൽ പോകാനായി ഠാണാ ജംഗ്ഷനിലേക്ക് ബൈക്കിൽ വരുംവഴി മെയിൻ റോഡിലെ വീനസ് ഹോട്ടലിന് സമീപം കുഴഞ്ഞുവീണു. ഹോട്ടൽ ജീവനക്കാർ ഉടനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇതിനിടെ, കോഴിക്കടയിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ട ബിജു വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാർ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരണമടയുകയായിരുന്നു. കോഴിക്കടയ്ക്ക് സമീപത്തു നിന്ന് ലഭിച്ച ദ്രാവകവും ഗ്ലാസുമുൾപ്പെടെ പൊലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നിശാന്തിന്റെ ഭാര്യ: സിനി. മക്കൾ: ഗോഡ്‌വിൻ, ഗോഡ്‌സൺ, ഗിഫ്റ്റി. ഇന്ന് രാവിലെ പതിനൊന്നിന് ഇരിങ്ങാലക്കുട പള്ളിയിൽ സംസ്‌കരിക്കും.ബിജു അവിവാഹിതനാണ്. മാതാവ്: മണി: സഹോദരൻ ബിജേഷ് (ഫാസ്റ്റ് ഫുഡ്). സഹോദരി: സിന്ധു.


കൂടുതൽ പേർ ഇത് കഴിച്ചിട്ടില്ലെന്നാണ് നിഗമനം. അന്വേഷണം വ്യാപകമാക്കി.


ജി. പുങ്കുഴലി
റൂറൽ എസ്.പി

വ്യാജമദ്യമല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു

പ്രേംകൃഷ്ണ
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ...

Advertisement
Advertisement