വാർഡ് അടിസ്ഥാനത്തിൽ വാക്‌സിനേഷൻ, രണ്ടാം ഡോസ് എടുക്കാനുള്ളവരെ തേടിയെത്തും

Wednesday 01 December 2021 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ എടുക്കാത്തവരെ തേടി ആശാവർക്കർമാർ വീടുകളിലെത്തും. തദ്ദേശ- ആരോഗ്യ-വകുപ്പുകൾ സംയുക്തമായി വാർഡ് അടിസ്ഥാനത്തിൽ ഇതിനായി പ്രത്യേക കാമ്പെയിൻ സംഘടിപ്പിക്കും. ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. രണ്ടാം ഡോസ് വാക്‌സിനെടുക്കാൻ പലരും മടിക്കുന്നതായി ശ്രദ്ധിൽപ്പെട്ടതോടെയാണ് നടപടി.

തദ്ദേശ സ്ഥാപനതല കോർ ഗ്രൂപ്പ്, ചുമതലയുള്ള മെഡിക്കൽ ഓഫീസറുടെ പങ്കാളിത്തത്തോടെ യോഗം ചേർന്ന് രണ്ടാം ഡോസ് വാക്‌സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഇതിന്റ ഭാഗമായി ഓരോ ആശാവർക്കറും അവരുടെ പ്രദേശത്തു രണ്ടാം ഡോസ് കിട്ടേണ്ടവരുടെ മുൻഗണനാ പട്ടിക തയാറാക്കും. തുടർന്ന് ആരോഗ്യ വകുപ്പുമായി ചേർന്ന് തദ്ദേശ സ്ഥാപനതലത്തിൽ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.
നഗര പ്രദേശങ്ങളിൽ ഒരു വാർഡിന് ഒരു ആശ പ്രവർത്തക മാത്രമേയുള്ളൂവെങ്കിൽ ഇതിനായി റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ പങ്കാളിത്തം ഉറപ്പാക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച വാർഡ്തല സമിതികൾ, ആശാ വർക്കർമാർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ, ആർ.ടി.ടി അംഗങ്ങൾ തുടങ്ങിയവരെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പുമായി യോജിച്ചു പ്രവർത്തിക്കുന്ന കാര്യം തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും സർക്കുലറിലുണ്ട്.

Advertisement
Advertisement