ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പൊലീസിന്റെ ഭീഷണി, ശബ്‌ദിച്ചു പോകരുത്...!

Wednesday 01 December 2021 12:18 AM IST

 മൈക്ക് സാങ്ഷൻ അനുവദിക്കാതെ പൊലീസ്

കൊല്ലം: കൊവിഡ് അയഞ്ഞി​ട്ടും പൊലീസി​ന്റെ ബലം പി​ടി​ത്തം കാരണം, ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പണിയെടുക്കുന്നവർക്ക് 'ശബ്ദ'മുയർത്താനാവുന്നില്ല. നിയന്ത്രണങ്ങളുടെ ഭാഗമായി മൈക്ക് സെറ്റ് ഉപയോഗത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാൻ പൊലീസ് തയ്യാറാവാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അനുമതിയില്ലാതെ പ്രവർത്തിപ്പിക്കുന്ന സെറ്റുകൾ പൊലീസ് പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്.

കൊവിഡാനന്തരം പതിയെ ജീവൻ വയ്ക്കാനുള്ള സാഹചര്യങ്ങൾ മേഖലയിൽ ഉരുത്തിരിഞ്ഞ് വന്നപ്പോഴാണ് പൊലീസ് വിലങ്ങനെ നിൽക്കുന്നത്. ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും അനുമതിയില്ലാതെയാണ് ശബ്ദസംവിധാനങ്ങൾ ഉപയോഗിക്കുന്നത്. രാഷ്ട്രീയക്കാരെപ്പോലെ സ്വാധീനം ഇല്ലാത്തതിനാൽ ക്ഷേത്രങ്ങളുടെയും മറ്റ് സാമൂഹ്യ, സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ഭാരവാഹികൾ മൈക്ക് സെറ്റുകൾ ഉപയോഗിക്കാൻ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം കൊല്ലം നഗരത്തിലെ ഒരു ക്ഷേത്രത്തിന്റെ ഭാരവാഹികൾ, ഭക്തിഗാനമേള അവതരിപ്പിക്കാൻ മൈക്ക് സാങ്ഷനായി പൊലീസിനെ സമീപിച്ചു. നേരത്തെ ഏർപ്പെടുത്തിയ വിലക്ക് ഇതുവരെ മാറിയിട്ടില്ലാത്തതിനാൽ പൊലീസ് അനുമതി നിഷേധിച്ചു. മൈക്ക് ഉപയോഗിക്കുന്നുവെന്ന് ആരെങ്കിലും പരാതിപ്പെട്ടാൽ ക്ഷേത്രം ഭാരവാഹികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്താനും പൊലീസ് തയ്യാറായില്ല. ഇതോടെ മൈക്കില്ലാതെയാണ് ഭക്തിഗാനമേള നടത്തിയത്.

ശബ്ദ സംവിധാനം പ്രവർത്തിപ്പിക്കാൻ പൊലീസിൽ നിന്ന് അനുമതി വാങ്ങേണ്ടത് സംഘാടകരാണ്. എന്നാൽ അനുമതിയില്ലാതെ പ്രവർത്തിപ്പിക്കുമ്പോൾ കുരുങ്ങുന്നത് ലൈറ്റ് ആൻഡ് സൗണ്ട് ഉടമകളും ഓപ്പറേറ്റർമാരുമാണ്. അനുമതിയില്ലെങ്കിൽ പൊലീസെത്തി ഉപകരണങ്ങൾ കൂട്ടത്തോടെ ജീപ്പിൽ കയറ്റി സ്റ്റേഷന്റെ മൂലയിൽ തള്ളും. കുറേ ദിവസം കയറിയിറങ്ങുമ്പോൾ ഇവ തിരിച്ചുകൊടുക്കുമെങ്കിലും അശ്രദ്ധമായി കൈകാര്യം ചെയ്തതിനാൽ പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കും.

 ആത്മഹത്യാ മുനമ്പിലേക്ക്

ഉപകരണങ്ങൾ ദീർഘനാൾ ഉപയോഗിക്കാതിരിക്കുന്നതിനാൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുണ്ടറ സ്വദേശിയായ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ കടംകയറി മാസങ്ങൾക്കു മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. നിരവധി പേർ ആത്മഹത്യയുടെ വക്കിലാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ജില്ലയിൽ ഏകദേശം 450 ഓളം സംരംഭകർ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലുണ്ട്. അയ്യായിരത്തോളം പേരാണ് ഓപ്പറേറ്റർമാരായി പ്രവർത്തിച്ചിരുന്നത്. എല്ലാവിഭാഗങ്ങളുടെയും പ്രതിഷേധത്തിന് ശബ്ദം പകർന്ന ഇവർക്കായി ശബ്ദമുയർത്താൻ ആരുമില്ല.
............................................

നിലവിൽ നിയമപരമായ നിയന്ത്രണങ്ങളില്ല. എന്നിട്ടും പൊലീസ് മൈക്ക് സാങ്ഷൻ നിഷേധിക്കുകയാണ്. ഇതുകാരണം ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയുടെ വക്കിലാണ്

സിജു മനോഹരൻ (ലൈറ്റ് ആൻഡ് സൗണ്ട് വർക്കേഴ്സ് അസോസിയേഷൻ)

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമുള്ളത്. ആൾക്കൂട്ടം ഉണ്ടാകില്ലെന്ന് ഉറപ്പുള്ള ചടങ്ങുകൾക്ക് എസ്.എച്ച്.ഒമാർ ശുപാർശ ചെയ്യുന്നത് പ്രകാരം മൈക്ക് സാങ്ഷൻ അനുവദിക്കുന്നുണ്ട്

കൊല്ലം എ.സി.പി

Advertisement
Advertisement