ട്വിറ്ററിന്റെ നായകൻ പരാഗ് സി ഇ ഒമാരിലെ 'പയ്യൻ"

Wednesday 01 December 2021 3:25 AM IST

 പ്രായക്കുറവിൽ മെറ്റ സി.ഇ.ഒ സക്കർബർഗിനെ പിന്തള്ളി

ന്യൂയോർക്ക്: അമേരിക്കൻ ഓഹരി സൂചികയായ എസ് ആൻഡ് പി 500ൽ ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ സി.ഇ.ഒമാരിൽ ഏറ്റവും പ്രായംകുറഞ്ഞയാളെന്ന പട്ടം ട്വിറ്ററിന്റെ സി.ഇ.ഒയായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാളിന് (37) സ്വന്തം. മെറ്റ (ഫേസ്ബുക്ക്) സി.ഇ.ഒ മാർക്ക് സക്കർബർഗിന്റെ റെക്കാഡാണ് തകർത്തത്.

1984 മേയ് 14നാണ് സക്കർബർഗ് ജനിച്ചത്. മേയ്ക്ക് ശേഷമാണ് പരാഗ് ജനിച്ചത്; എന്നാൽ, ജനനത്തീയതി ട്വിറ്റർ വെളിപ്പെടുത്തിയിട്ടില്ല. ബെർക്‌ഷെയർ ഹാത്ത്‌വേ ചെയർമാൻ വാറൻ ബഫറ്റാണ് (91) ഏറ്റവും പ്രായംകൂടിയ സി.ഇ.ഒ. എസ് ആൻഡ് പി 500ലെ സി.ഇ.ഒമാരുടെ ശരാശരി വയസ് 58 ആണ്.

ട്വിറ്ററിന്റെ തേരാളി

2011ൽ ട്വിറ്ററിലെത്തിയ പരാഗ് അഗ്രവാൾ ചീഫ് ടെക്‌നോളജി ഓഫീസറായി പ്രവർത്തിക്കവേയാണ് സി.ഇ.ഒ പദവി തേടിയെത്തിയത്. സ്ഥാപകനും സി.ഇ.ഒയുമായിരുന്ന ജാക്ക് ഡോർസി കഴിഞ്ഞദിവസം പദവിയൊഴിഞ്ഞിരുന്നു. തുടർന്ന്, ഡയറക്‌ടർ ബോർഡ് ഐകകണ്ഠ്യേനയാണ് പരാഗിനെ തിരഞ്ഞെടുത്തത്.

 മുംബയ് സ്വദേശിയാണ് പരാഗ്. അച്ഛൻ അറ്റോമിക് എന‌ർജി വകുപ്പ് ഉദ്യോഗസ്ഥൻ. അമ്മ സ്കൂൾ അദ്ധ്യാപിക.

 സ്‌റ്റാൻഫോഡിലെ അദ്ധ്യാപിക ഡോ. വിനിതയാണ് ഭാര്യ; മകൻ അൻഷ്

 ഐ.ഐ.ടി ബോംബെയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും അമേരിക്കയിലെ സ്‌റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്‌ഡിയും നേടിയിട്ടുണ്ട്.

മൈക്രോസോഫ്‌റ്റ് റിസർച്ച്, യാഹൂ റിസർച്ച്, എ.ടി. ആൻഡ് ടി ലാബ്‌സ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചശേഷമാണ് ട്വിറ്ററിലെത്തിയത്.

₹7.5 കോടി

പരാഗിന്റെ വാർഷിക ശമ്പളം 7.5 കോടി രൂപയായിരിക്കും. പുറമേ ബോണസ് ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.

ടെക്‌ലോകം വാഴുന്ന

ഇന്ത്യൻ വംശജർ

ലോകം കീഴടക്കിയ വമ്പൻ ടെക്‌നോളജി കമ്പനികളുടെ ഇന്ത്യൻ വംശജരായ നായകരുടെ ക്ളബ്ബിലെ പുതിയ അംഗമാണ് പരാഗ് അഗ്രവാൾ. ക്ളബ്ബിലെ പ്രമുഖർ:

 ഗൂഗിൾ : സുന്ദർ പിച്ചൈ

 മൈക്രോസോഫ്‌റ്റ് : സത്യ നദേല

 അഡോബീ : ശന്തനു നാരായൺ

 ഐ.ബി.എം : അരവിന്ദ് കൃഷ്‌ണ

 ഡബ്ള്യു.എം വെയർ : രഘു രഘുരാമൻ

 വിമിയോ : അഞ്ജലി സൂദ്

 പാലോ ഓൾട്ടോ : നികേഷ് അറോറ

 മൈക്രോൺ ടെക്‌നോളജി : സഞ്ജയ് മെഹ്‌റോത്ര

 നെറ്റ് ആപ്പ് : ജോർജ് കുര്യൻ

 ഫ്ളെക്‌സ് : രേവതി അദ്വൈതി

Advertisement
Advertisement