ലക്‌നൗ കണക്ഷൻ:രാഹുലിനം റഷീദിനും വിലക്കിന് സാദ്ധ്യത

Wednesday 01 December 2021 3:18 AM IST

ന്യൂഡൽഹി: നിലവിലെ കരാർ നിലനിൽക്കെ പുതിയ ഫ്രാഞ്ചൈസിയായ ലക്നൗ ടീമുമായി കരാറിന് ശ്രമിച്ച കെ.എൽ രാഹുലിനും റഷീദ് ഖാനും ഐ.പി.എല്ലിൽ ഒരുവർഷത്തെ വിലക്കിന് സാദ്ധ്യത. ഇരുവരും ലക്നൗവുമായി കരാറിന് ശ്രമിച്ചതായി രാഹുലിന്റെ ടീമായ പഞ്ചാബ് കിംഗ്സ് ഇലവും റഷീദിന്റെ ടീമായ സൺറൈസേഴ്സ് ഹൈദരാബാദും ബി.സി.സി.ഐയിൽ പരാതി നൽകിയെന്നാണ് വിവരം. രാഹുലിനെ നിലനിറുത്താൻ പഞ്ചാബിനും റഷീദിെ നിലനിറുത്താൻ ഹൈദരാബാദിനും താത്പര്യമുണ്ടായിരുന്നു. എന്നാൽ ഇരുവരും ടീം വിടാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. രാഹുലിന് 20 കോടി രൂപയും റഷീദിന് 16 കോടിയിലധികം രൂപയുമായിരുന്നു ലക്നൗ ഫ്രാഞ്ചൈസി നൽകിയ ഓഫർ.

പഞ്ചാബിൽ11 കോടിയാണ് രാഹുലിന്റെ പ്രതിഫലം. റഷീദിന് ഹൈദരാബാദിൽ 9 കോടിയും. നിലനിർത്താൻ താത്പര്യം ഉണ്ടെങ്കിലും 12 കോടിയിലധികം റഷീദിന് നൽകാൻ ഹൈദരാബാദ് അധികൃതർക്ക് താത്പര്യം ഇല്ല. രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയെന്നും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. കുറ്രക്കാരെന്ന് കണ്ടെത്തിയാൽ ഇരുവരും വിലക്ക് നേരിടേണ്ടിവരും.

2010ൽ രാജസ്ഥാൻ റോയൽസുമായി കരാർ നിലനിൽക്കെ മറ്റു ഫ്രാഞ്ചൈസികളുമായി ചർച്ചകൾ നടത്തിയെന്നു തെളിഞ്ഞതോടെ രവീന്ദ്ര ജഡേജയ്ക്കു ബി.സി.സി.ഐ ഒരു ഐപിഎൽ സീസണിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Advertisement
Advertisement