സന്തോഷ് ട്രോഫിയിൽ കേരളം വരവറിയിച്ചു, ആദ്യ മത്സരത്തിൽ അടിച്ചു കയറ്റിയത് അഞ്ച് ഗോളുകൾ

Wednesday 01 December 2021 3:42 PM IST

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബാൾ യോഗ്യത റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് വിജയതുടക്കം. കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ എതിരാളികളായ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തറപറ്റിച്ചാണ് കേരളം ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയതീരമണിഞ്ഞത്.

മത്സരം തുടങ്ങി നാലാം മിനിട്ടിൽ തന്നെ കേരളം ലീഡെടുത്തു. ലക്ഷദ്വീപ് പ്രതിരോധ നിര വരുത്തിയ പിഴവിനെ തുടർന്ന് കേരളത്തിന് അനുകൂലമായി റഫറി പെനാൽട്ടി അനുവദിക്കുകയായിരുന്നു. കിക്ക് എടുത്ത നിജൊ ഗിൽബർട്ട് പന്ത് സുരക്ഷിതമായി വലയിലെത്തിച്ചു.

12ാം മിനിട്ടിൽ ജെസിൻ തോണിക്കര കേരളത്തിന്റെ ലീഡ് വർദ്ധിപ്പിച്ചു. ത്രൂ പാസ് സ്വീകരിച്ച ജെസിൻ ലക്ഷ്വദ്വീപ് ഗോൾ കീപ്പറെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതിന് തൊട്ടുപിറകേ പ്രതിരോധതാരം ഉബൈദുള്ള ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ ലക്ഷദ്വീപ് പൂർണമായും പ്രതിരോധത്തിലായി. തുടക്കത്തിൽ തന്നെ പത്തുപേരായി ചുരുങ്ങിയ ലക്ഷദ്വീപിന് ആക്രമിച്ചു കളിക്കുന്ന കേരളത്തിന് മുന്നിൽ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ലക്ഷദ്വീപിന്റെ പ്രശ്നങ്ങൾ വർദ്ധിപ്പിച്ച് 37ാം മിനിട്ടിൽ അവരുടെ അണ്ടർ 21 താരം മുഹമ്മദ് തൻവീ‌ർ സ്വന്തം ഗോൾ പോസ്റ്റിലേക്ക് പന്ത് അടിച്ച് കേരളത്തിന്റെ ലീഡ് വർദ്ധിപ്പിച്ചതോടെ ലക്ഷദ്വീപ് മത്സരം പൂർണമായും കൈവിട്ട അവസ്ഥയിലായി. ലക്ഷദ്വീപ് ഗോൾകീപ്പർ മുഹമ്മദ് ഷമീർ ക്ലിയർ ചെയ്ത പന്ത് തൻവീറിന്റെ ദേഹത്ത് തട്ടി വലയിലേക്ക് പോവുകയായിരുന്നു. പിന്നീട് കണ്ടത് കേരളത്തിന്റെ തുടർച്ചയായ ആക്രമണങ്ങൾക്കു മുന്നിൽ പതറിപ്പോകുന്ന ലക്ഷദ്വീപിന്റെ പ്രതിരോധനിരയേയും പന്തിനായി കേരള താരങ്ങളുടെ പിറകേ പായുന്ന മുന്നേറ്റനിരയേയുമാണ്.

81ാം മിനിട്ടിൽ പകരക്കാരൻ എസ് രാജേഷിലൂടെ കേരളം തങ്ങളുടെ നാലാം ഗോളും ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ അർജുൻ ജയരാജിലൂടെ അഞ്ചാം ഗോളും സ്വന്തമാക്കി.

Advertisement
Advertisement