പി വി അൻവറിനെതിരായ ക്രഷർ തട്ടിപ്പ്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് മനപൂർവം നീട്ടുന്നെന്ന് പരാതിക്കാരൻ; വൈകിയത് കൊവിഡ് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
മലപ്പുറം: കർണാടകയിൽ ക്രഷർ ബിസിനസ് നടത്തിപ്പിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 50 ലക്ഷം രൂപ പി.വി അൻവർ എംഎൽഎ തട്ടിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം മനപൂർവം വൈകിപ്പിക്കുകയാണെന്ന് പരാതിക്കാരൻ. പ്രവാസിയായ സലീം നടുത്തൊടിയാണ് അൻവറിനെതിരെ പരാതിപ്പെട്ടത്. കേസിൽ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജ്സ്‌ട്രേറ്ര് കോടതിയെ സലീം സമീപിച്ചിരുന്നു.
എന്നാൽ കോടതിയുടെ മേൽനോട്ടമുണ്ടായിട്ടും അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.വിക്രമൻ കേസന്വേഷണം വൈകിപ്പിക്കുകയാണെന്നാണ് സലീം നടുത്തൊടി ആരോപിക്കുന്നത്. അന്വേഷണപുരോഗതി കുറവായതിനാൽ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു. എന്നാൽ കൊവിഡ് കാരണമാണ് അന്വേഷണം വൈകിയതെന്നും ഡിസംബർ 31നകം മംഗലാപുരം ബൽത്തങ്ങാടിയിൽ ക്രഷർ യൂണിറ്റിലെത്തി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡിവൈഎസ്‌പി പി.വിക്രമൻ കോടതിയിൽ അറിയിച്ചു.